17 July, 2017 04:00:00 PM
ആനവയറു നിറച്ച് സായൂജ്യമടയാൻ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം
തൃശൂർ: ആനവയറു നിറച്ച് സായൂജ്യമടയാൻ നൂറുകണക്കിന് ഭക്തജനങ്ങൾ പുലർച്ചെ മുതൽ വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലെത്തി. കർക്കിടകം ഒന്നായ ഇന്നു രാവിലെയാണ് ആനയൂട്ട് നടന്നത്. ആനയൂട്ടിന് മുന്നോടിയായി പുലർച്ചെ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നന്പൂതിരിപ്പാട് ഹോമത്തിന് തിരി തെളിച്ചു.
ആനയൂട്ടിനെത്തിയ ഏറ്റവും ചെറിയ പിടിയാനയായ തിരുവന്പാടി ലക്ഷ്മിക്കുട്ടിക്ക് ക്ഷേത്രം മേൽശാന്തി കൊറ്റംപിള്ളി നാരായണൻ നന്പൂതിരി ആദ്യ ഉരുള നൽകിയതോടെയാണ് ആനയൂട്ടിന് തുടക്കമായത്. 54 ആനകൾ ആനയൂട്ടിൽ പങ്കെടുത്തു. മഴയെ അവഗണിച്ചെത്തിയ ഭക്തജനങ്ങൾ വടക്കുന്നാഥ ക്ഷേത്ര മുറ്റത്ത് ആനകൾക്ക് ഉരുള നൽകാൻ ഉൗഴം കാത്തു നിന്നു.
നാൽപതോളം തിരുമേനിമാരുടെ സഹകാർമികത്വത്തോടെയാണ് ഹോമം നടത്തിയത്. ഹോമത്തിന് 12,000 നാളികേരം, 1,500 കിലോ അവിൽ, 750 കിലോ മലർ, 250 കിലോ എള്ള്, 2,500 കിലോ ശർക്കര, 500 കിലോ നെയ്യ്, 100 കിലോ തേൻ, ഗണപതിനാരങ്ങ, കരിന്പ് എന്നിവയാണ് ദ്രവ്യങ്ങളായി ഉപയോഗിച്ചത്. ഹോമത്തിനുശേഷം ആനയൂട്ട് ആരംഭിച്ചു.
ആനകളെ ഉൗട്ടാൻ 500 കിലോ അരിയുടെ ചോറ്, ശർക്കര, നെയ്യ്, മഞ്ഞൾപൊടി എന്നിവ ചേർത്താണ് ഒരുക്കിയിരുന്നത്. കരിന്പ്, പൈനാപ്പിൾ, ചോളം, കക്കിരിക്ക, തണ്ണിമത്തൻ, പഴം തുടങ്ങിയ പഴവർഗങ്ങളും പ്രത്യേക ഒൗഷധക്കൂട്ടുകളും നൽകി. തിരക്കു നിയന്ത്രിക്കാൻ പടിഞ്ഞാറേഗോപുരത്തിന് സമീപത്തു നിന്നും മതിൽക്കെട്ടിനകത്തേക്ക് കടക്കാൻ പ്രത്യേക സംവിധാനം ഇത്തവണ ഒരുക്കിയിരുന്നു. ആനയൂട്ടിന് ഇത്തവണ സുരേഷ് ഗോപി എംപിയും വടക്കുന്നാഥ ക്ഷേത്രത്തിലെത്തിയിരുന്നു.
വൈകീട്ട് 6.30ന് കൂത്തന്പലത്തിൽ ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ ഭഗവത്സേവ ആരംഭിക്കും. വൈകീട്ട് ആറുമുതൽ പടിഞ്ഞാറേ ഗോപുരത്തിനു മുൻവശം മേളപ്രമാണി കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും അരങ്ങേറും.