17 January, 2016 03:06:43 PM
മകളെ കാണാന്‍ പോയ വഴി ഭാഗ്യദേവത അലക്‌സാണ്ടറിനെ തേടിയെത്തി
കണ്ണൂര്‍ : സംസ്‌ഥാന ലോട്ടറിയുടെ ക്രിസ്‌മസ്-പുതുവത്സര ബമ്പര്‍ സമ്മാനമായ നാലുകോടിരൂപ ചെറുപുഴയിലെ മരപ്പണിത്തൊഴിലാളിക്ക്. ചെറുപുഴ ജോസ് ഗിരിയില്‍ വെള്ളിയാങ്കണ്ടം അലക്‌സാണ്ടറി (ഡെന്നിസ്-48)നെയാണ് പുതുവര്‍ഷത്തില്‍ ഭാഗ്യദേവത കടാക്ഷിച്ചത്.
കടുമേനിയിലെ കോണ്‍വെന്റില്‍ താമസിച്ചു പഠിക്കുന്ന മകളെക്കാണാന്‍ പോകുന്ന വഴി ചെറുപുഴയിലെ "തമ്പുരാന്‍" ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത എക്‌സ്.ആര്‍. 694040 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. സ്വകാര്യ ബസില്‍ 15 വര്‍ഷം കണ്ടക്‌ടറായി ജോലി ചെയ്‌ത ശേഷമാണു അലക്‌സാണ്ടര്‍ മരപ്പണിയിലേക്കു തിരിഞ്ഞത്. കോടിപതിയായെങ്കിലും ഇപ്പോള്‍ ചെയ്യുന്ന തൊഴില്‍ പൂര്‍ണമായി ഉപേക്ഷിക്കില്ലെന്ന് അലക്‌സാണ്ടര്‍ പറയുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് കനറാ ബാങ്കില്‍ ഏല്‍പിച്ചു.
ലോട്ടറി ഏജന്‍സിക്കാര്‍ ബസ് സ്‌റ്റാന്‍ഡിലെത്തിയവര്‍ക്കെല്ലാം ലഡു വിതരണം ചെയ്‌തു സന്തോഷം പങ്കിട്ടപ്പോഴാണു നാട്ടുകാര്‍ വിവരമറിഞ്ഞത്. സമാശ്വാസ സമ്മാനമായ ഓരോലക്ഷം രൂപയും ചെറുപുഴയ്‌ക്കു തന്നെ ലഭിച്ചു. മൂന്നു പെണ്‍മക്കള്‍ക്കു മികച്ച വിദ്യാഭ്യാസവും നല്ലൊരു വീടുമാണ് അലക്‌സാണ്ടറുടെ സ്വപ്‌നങ്ങള്‍. റാണിയാണു ഭാര്യ. മക്കളായ ഡില്‍ന കോഴിച്ചാല്‍ ഹയര്‍ സെക്കഡറി സ്‌കൂളില്‍ പ്ലസ്‌ടുവിനും ഡോണ കടുമേനി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പത്താംതരത്തിലും ഡാല്‍മിയ ജോസ്‌ഗിരി യു.പി. സ്‌കൂളില്‍ ഏഴാംതരത്തിലും പഠിക്കുന്നു.