20 October, 2023 10:30:41 AM
കണ്ണൂരിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം വൃദ്ധയെ കെട്ടിയിട്ട് 10 പവനോളം കവർന്നു
കണ്ണൂർ: പരിയാരത്ത് വൃദ്ധയെ കെട്ടിയിട്ട് പത്ത് പവൻ കവർന്നു. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം കവർച്ച നടത്തിയത്. ഡോക്ടറും ഭാര്യയും ഇന്നലെ രാത്രി 11 മണിക്ക് തിരുവനന്തപുരത്തേക്ക് പോയിരുന്നു. അതിന് ശേഷമാണ് കവർച്ച നടന്നിരിക്കുന്നത്.
വീട്ടിൽ ഇവരുടെ ബന്ധുവായ സ്ത്രീയും രണ്ട് ചെറിയ കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ മുകളിലത്തെ നിലയിലായിരുന്നു. പുലർച്ചെ ഇവർ താഴെ വരുമ്പോഴാണ് വൃദ്ധയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ച നിലയിൽ കാണുന്നത്. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണവും കവർന്നിട്ടുണ്ട്. രണ്ട് മുറികളിൽ സംഘം കയറിയതായി പൊലീസ് പറയുന്നു. ഒരു മാസം മുൻപും പ്രദേശത്ത് വീട്ടിൽ മോഷണം നടന്നിരുന്നു.