21 October, 2023 10:52:48 AM


കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ സംഭവം; ഡ്രൈവറുടെ പിഴവ്



കണ്ണൂർ : കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട്ട്‌. ജീപ്പിന് യന്ത്രത്തകരാർ ഉണ്ടായിരുന്നില്ലെന്നും ജോയിന്‍റ് പൊട്ടിയത് ഇടിയുടെ ആഘാതത്തിലാണെന്നുമാണ് എംവിഡി പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകിയത്. ഡ്രൈവർ എഎസ്ഐ സന്തോഷിനെതിരെ എസിപിയും റിപ്പോർട്ട്‌ നൽകി. 

കണ്ണൂർ കാൾടെക്സ് ജങ്ഷനിൽ കഴിഞ്ഞ 16 ാം തിയ്യതിയാണ് പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയത്. കാറിലിടിച്ച ജീപ്പ് പെട്രോളടിക്കുന്ന യന്ത്രവും തകർത്തു. തുരുമ്പെടുത്ത് തുടങ്ങിയ പൊലീസ് ജീപ്പിന്‍റെ ഭാഗങ്ങൾ കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു. 

രാവിലെ 6.30 തോടെയാണ് സിവിൽ സ്റ്റേഷന് മുന്നിലെ ട്രാഫിക് പൊലീസിന്‍റെ ബാരിക്കേഡും തകർത്താണ് നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പമ്പിലേക്ക് ഇടിച്ചുകയറിയത്. കാർ ഡ്രൈവറും പമ്പ് ജീവനക്കാരനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കണ്ണൂർ എ.ആർ ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങൾ കൊണ്ടുപോവുന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. 

മുകളിൽ നാല് ക്യാമറയൊക്കെ ഉണ്ടെങ്കിലും ആകെ തുരുമ്പെടുത്ത നിലയിലായിരുന്നു വണ്ടി. മഡ്ഗാർഡ് കയറുകൊണ്ട് കെട്ടിയിട്ട നിലയിലുമായിരുന്നു. മൂന്ന് ലക്ഷത്തിലധികം കിലോമീറ്റർ ഓടിയ ശേഷം കണ്ണൂർ ടൗൺ പൊലീസ് ഒഴിവാക്കിയ വണ്ടിയായിരുന്നു വീണ്ടും എ ആർ ക്യാമ്പിലേക്ക് നൽകിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K