14 November, 2023 10:56:56 AM
കണ്ണൂർ അയ്യൻകുന്നിൽ മാവോയിസ്റ്റ്-തണ്ടർ ബോൾട്ട് ഏറ്റുമുട്ടൽ
കണ്ണൂർ: അയ്യൻകുന്നിൽ രാത്രിയിലും മാവോയിസ്റ്റ്-തണ്ടർ ബോൾട്ട് ഏറ്റുമുട്ടൽ. ഇന്നലെ അർദ്ധ രാത്രിയോടെ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പുണ്ടായി. രാത്രിയിൽ തുടർച്ചയായി വെടിയൊച്ചകൾ കേട്ടതായി നാട്ടുകാർ പറഞ്ഞു. എന്നാൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ സ്ഥിരീകരണമില്ല.
ഇന്നലെ രാവിലെ ഒമ്പതര മുതൽ രണ്ടു മണിക്കൂർ തുടർച്ചയായി തണ്ടർ ബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ തുടർച്ചയായ വെടിവെപ്പുണ്ടായിരുന്നു. ഇതിന് ശേഷം രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റുവെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ടായിരുന്നു. പീന്നീട് മാവോയിസ്റ്റ് സംഘം കാട്ടിലേക്ക് മടങ്ങിയെന്നാണ് ഭീകരവിരുദ്ധ സേനയുടെ ഡി.ഐ.ജി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇന്നലെ രാത്രി 11.30ക്ക് ശേഷം വെടിവെപ്പുണ്ടാവുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മിൽ വെടിയുതിർത്തിട്ടുണ്ട്.
കണ്ണൂർ വനഡിവിഷനിൽപ്പെട്ട ഇരിട്ടി സെക്ഷനിൽ കഴിഞ്ഞ കുറെ കാലമായി മാവോയിസ്റ്റ് സാന്നിധ്യമുള്ള ഒരു മേഖലയാണ്. ഇവിടെ ഇന്നലെ പുലർച്ചെ മുന്ന് മണിയോടു കൂടി 80 അംഗ തണ്ടർ ബോൾട്ട് സംഘം പരിശോധനക്കായി എത്തുന്നത്. ഇവിടെ വനത്തിനുള്ളിൽ കുറിച്യ വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് അനുവദിച്ചു കിട്ടിയ നാലേക്കർ ഭൂമിയുണ്ട്. ഇതിനുള്ളിൽ ഷെഡ് കെട്ടി മാവോയിസ്റ്റ് സംഘം യോഗം ചേരുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തണ്ടർബോൾട്ട് സംഘം ഇവിടെയെത്തുന്നത്.
തണ്ടർ ബോൾട്ട് സംഘം എത്തിയുടനെ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയായിരുന്നു. മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവെപ്പിന് പിന്നിലെന്നാണ് തണ്ടർബോൾട്ട് സംഘത്തിന്‍റെ കണ്ടെത്തൽ.