11 October, 2023 10:44:51 AM


കണ്ണൂര്‍ ഉളിക്കലില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം



കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി. കണ്ണൂര്‍ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാന സ്ഥലത്തെത്തിയത്. 

ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാനയിപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്. വനാതിര്‍ത്തിയില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയത്. അതിനാല്‍ തന്നെ കാട്ടാനയെ പെട്ടെന്ന് വനത്തിലേക്ക് തുരത്തല്‍ വെല്ലുവിളി. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.

സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചുവരുകയാണ്. കാട്ടാനയെ മയക്കുവെടിവെക്കണമെന്നും അല്ലെങ്കില്‍ അടിയന്തരമായി കാട്ടിലേക്ക് തുരത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ടൗണിലേക്ക് ആളുകള്‍ വരുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയെന്ന് ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പുലര്‍ച്ചെ  കൃഷി ഭവന് സമീപത്തെ കശുമാവിൻ തോട്ടത്തിലാണുണ്ടായിരുന്നത്. പിന്നീട് മാര്‍ക്കറ്റിന് സമീപത്തേക്ക് പോവുകയായിരുന്നു. 

കാട്ടാനയിറങ്ങിയതിനെതുടര്‍ന്ന് ഉളിക്കലിലെ കടകൾ അടയ്ക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. വയത്തൂർ വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്കൂളുകൾക്കും അവധിയും നല്‍കി. ഉളിക്കലിലെ 9 മുതൽ 14 വരെയുള്ള വാർഡുകളില്‍ തൊഴിലുറപ്പ് ജോലിയും നിർത്തിവച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K