04 November, 2023 07:59:57 AM


പോലീസ് സംഘത്തിനു നേരെ വെടിയുതിര്‍ത്ത് പ്രതിയുടെ പിതാവ്; പ്രതി ഓടി രക്ഷപെട്ടു



കണ്ണൂര്‍: ചിറക്കലില്‍ വധശ്രമക്കേസിലെ പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ പിതാവ് പോലീസ് സംഘത്തിനുനേരേ വെടിവെച്ചു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട പോലീസ് സംഘം പ്രതി റോഷന്റെ പിതാവിനെ സാഹസികമായി കീഴ്പ്പെടുത്തി. ലേക്ക് സ്ട്രീറ്റ് വില്ലയിലെ ബാബു ഉമ്മൻ തോമസ് (71) ആണ് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. ഓടിരക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായില്ല.


ചിറക്കല്‍ ചിറ പൂരക്കടവിന് സമീപത്തെ വീട്ടില്‍ രാത്രി 10 മണിയോടെയാണ് സംഭവം.രണ്ട് സബ് ഇൻസ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ആറ് പോലീസുകാരാണ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയത്. വളപട്ടണം പോലീസിനു നേരേയാണ് വെടിവെച്ചത്. ജനലഴികള്‍ക്കിടയിലൂടെ മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.


വിവരമറിഞ്ഞ് എ.സി.പി. ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് ബലപ്രയോഗത്തിലൂടെ റോഷന്റെ അച്ഛനെ റിവോള്‍വര്‍ സഹിതം അറസ്റ്റ് ചെയ്തത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ റോഷനെ അറസ്റ്റ് ചെയ്യാനാണ് വെള്ളിയാഴ്ച രാത്രി വളപട്ടണം പോലീസ് സംഘം വീട്ടിലെത്തിയത്. ഇരുനില വീടിന്റെ മുകളിലേക്ക് പിന്നിലെ കോണിപ്പടി വഴി കയറിച്ചെന്ന പോലീസ് സംഘം പ്രതിയുണ്ടെന്ന് കരുതുന്ന മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ തൊട്ടടുത്ത മുറിയുടെ ജനാല വഴി പ്രതിയുടെ പിതാവ് ബാബു ഉമ്മൻ തോമസ് വെടിവെക്കുകയായിരുന്നു.


കഷ്ടിച്ച്‌ രക്ഷപ്പെട്ട പോലീസ് സംഘം ബാബുവിനെ തന്ത്രപരമായി മുറിക്ക് പുറത്തിറക്കി ബലം പ്രയോഗിച്ച്‌ കീഴ്പ്പെടുത്തി തോക്ക് കൈവശപ്പെടുത്തി. തുടര്‍ന്ന് ഇയാളെ വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു.


കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാര്‍, അസി. കമ്മിഷണര്‍ ടി.കെ.രത്നകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലെത്തി ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ തോക്കിന് ലൈസൻസുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭമറിഞ്ഞ് നിരവധി പേര്‍ വീടുനുസമീപം തടിച്ചുകൂടി. ചുറ്റുമതിലും ഇരുമ്ബുഗേറ്റുമുള്ള വീട്ടില്‍ നാലഞ്ച് പട്ടികളെ വളര്‍ത്തുന്നുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. റോഷൻ കര്‍ണാടകത്തിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് വിവരമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K