21 November, 2023 02:23:21 PM


കണ്ണൂരിൽ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു



കണ്ണൂർ: ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺ​ഗ്രസ് ജില്ലാ സെക്രട്ടറി വിജിത്തിനെ കസ്റ്റഡിയിലെടുത്തു.

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമത്തിനെതിരെ രണ്ടിടത്തായി സംഘടിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. പിരിഞ്ഞു പോകാതെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

യൂത്ത് കോൺ​ഗ്രസിന് പുറമെ യൂത്ത് ലീഗും പ്രതിഷേധിച്ചു. വളപട്ടണം മന്ന സ്റ്റേഡിയത്തിലുണ്ടായ യൂത്ത് ലീ​ഗിന്റെ പ്രതിഷേധത്തിൽ പൊലീസുകാരും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ വേദിയിലേക്ക് കറുത്ത വസ്ത്രമണിഞ്ഞെത്തിയ യൂത്ത് ലീഗ് പ്രവർത്തകർ പ്ലക്കാർഡേന്തിയും കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ കെ ഷിനാജ്, മണ്ഡലം ജനറൽ സെക്രട്ടറി, മിദ്ലാജ് എഎൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സൈഫുദ്ദിൻ നാറാത്ത്, ഫാസിൽ പാറക്കാട്ട് തുടങ്ങിവരെ അറസ്റ്റ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K