10 October, 2023 06:21:10 PM
കണ്ണൂരില്‍ ഹെല്‍മറ്റ് വെക്കാത്തതിന് പിഴചുമത്തിയതിനെ ചൊല്ലി പൊലീസും യുവാവും തമ്മില്‍ തര്‍ക്കം
കണ്ണൂര്‍: കണ്ണൂരില്‍ പിഴ ചുമത്തിയതിനെ ചൊല്ലി പൊലീസും യുവാവും തമ്മില്‍ നടുറോഡില്‍ തര്‍ക്കം. ഇന്നലെ ചൊക്ലി മുക്കില്‍പീടികയിലാണ് സംഭവം നടന്നത്. ചൊക്ലി എസ്‌ഐയും സംഘവുമാണ് പൊലീസ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ചൊക്ലി സ്വദേശി സനൂപുമായാണ് തര്‍ക്കമുണ്ടായത്.
ഹെല്‍മറ്റ് ഇടാത്തതിന് പിഴ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലല്ലോ എന്ന് യുവാവ് പറഞ്ഞു. ചായക്കടയില്‍ ഇരുന്ന് ബൈക്ക് നിര്‍ത്തി ചായകുടിക്കുകയായിരുന്നു സനൂപും സുഹൃത്ത് പ്രയാഗും. ഈസമയം ഇതുവഴി പൊലിസ് ജീപ്പില്‍ വന്ന ചൊക്ലി എസ്. ഐയും പൊലിസുകാരും ഹെല്‍മിറ്റിടാത്തതിന് ഫൈൻ അടയ്ക്കണമെന്ന് സുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ഹെല്‍മിറ്റിടാത്തതിന് ഫൈൻ അടയ്ക്കണോയെന്നു സനൂപ് ചോദിച്ചതില്‍ പ്രകോപിതനായി അഞ്ഞൂറ് രൂപ ഫൈനടിക്കുകയായിരുന്നു. എസ്. ഐയെ ചോദ്യം ചെയ്തതുകൊണ്ടാണ് അഞ്ഞൂറ് രൂപ ഫൈൻ ഇട്ടതെന്ന് അവരോട് പറഞ്ഞു.
പൊലിസ് സംഘം അവിടെ നിന്നും പോയി. അല്‍പസമയത്തിനു ശേഷം ചായപ്പീടികയുടെ സമീപം പൊലിസ് ജീപ്പ് വീണ്ടുമെത്തി. ഈ സമയം പൊലിസുകാര്‍ സീറ്റ്ബെല്‍ട്ടിടാത്തത് നിയമപരമായി തെറ്റല്ലേയെന്നു സനൂപ് ചോദിച്ചു. പൊതുജനങ്ങള്‍ മാത്രം നിയമം പാലിച്ചാല്‍ മതിയോയെന്ന സനൂപിന്‍റെ ചോദ്യം എസ്. ഐയെ പ്രകോപിച്ചു. ഇതോടെ പൊലിസുകാരും അവിടെകൂടി നിന്നിരുന്ന നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലിസ് വാഹനം തടഞ്ഞുവെന്നു ആരോപിച്ചാണ് സനൂപിനും സുഹൃത്തിനുമെതിരെ കേസെടുത്തത്.
ഏറെനേരം സനൂപ് പൊലിസിനെ ചോദ്യം ചെയ്യുന്നതും അവിടെയുണ്ടായിരുന്ന യുവാക്കളെ പൊലിസ് തള്ളുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലും വൈറലായി. തന്നെ ചോദ്യം ചെയ്യാൻ നീയാരാണെന്നു എസ്. ഐ ചോദിക്കുന്നതും യുവാക്കളെ ബലപ്രയോഗത്തിലൂടെ ജീപ്പില്‍ കയറ്റാനുള്ള ശ്രമവും ദൃശ്യങ്ങളിലുണ്ട്.
സീറ്റ് ബെല്‍ട്ടിടാത്തതിന് മറുപടി പറഞ്ഞിട്ടു പോയാല്‍ മതിയെന്നു സനൂപ് ചോദിക്കുന്നതും വാഹനം തടഞ്ഞുവെന്നു പറഞ്ഞുകൊണ്ടു യുവാവിനെതിരെ എഫ്. ഐ. ആറിടാൻ എസ്. ഐ പറയുന്നതും സനൂപിനെയും കൂടെയുള്ളവരെയും തള്ളുന്നതും കൂടെയുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോയില്‍ വ്യക്തമാണ്. സനൂപും കൂടെയുണ്ടായിരുന്നവരും പൊലിസ് വണ്ടി തടയാൻ ശ്രമിച്ചുവെന്നാരോപിച്ചു നടുറോഡില്‍ നിന്നുതന്നെ എഫ്.ഐ.ആറിടാനായിരുന്നു എസ്. ഐയുടെ നേതൃത്വത്തില്‍ നീക്കം നടത്തിയത്.