14 November, 2023 03:48:56 PM


ക്ലാസ് മുറിയിൽ പെപ്പർ സ്പ്രേ പ്രയോഗം; കണ്ണൂരിൽ 12 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം



കണ്ണൂര്‍: ക്ലാസ് മുറിയിൽ വിദ്യാർഥി പെപ്പർ സ്പ്രേ പ്രയോഗിച്ചതിനെ തുടർന്ന് 12 സഹപാഠികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവുപ്പെട്ടു. കണ്ണൂരിലെ പയ്യന്നൂരിന് സമീപമാണ് സംഭവം. ഇന്ന് രാവിലെയാണ് ക്ലാസിലെത്തിയ വിദ്യാർഥി പെപ്പർ സ്പ്രേ പ്രയോഗിച്ചത്.

പയ്യന്നൂർ തായിനേരി എസ്‌എബിടിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാർഥി പെപ്പർ സ്പ്രേ പ്രയോഗിച്ചതിനെ തുടർന്ന് ക്ലാസിലെ മറ്റ് 12 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പെപ്പർ സ്പ്രേ ശ്വസിച്ചതിനെ തുടർന്ന് കണ്ണിലും മൂക്കിലും ചെവിയിലുമൊക്കെ നീറ്റൽ അനുഭവപ്പെടുകയും വിദ്യാർഥികൾ തളർന്നുവീഴുകയുമായിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികളെ ഉടൻ തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർ അന്വേഷണം ആരംഭിച്ചു. എന്തുകൊണ്ടാണ് വിദ്യാർഥി ക്ലാസ് മുറിയിൽ പെപ്പർ സ്പ്രേ പ്രയോഗിച്ചതെന്ന കാര്യം വ്യക്തമല്ല. ഇതേക്കുറിച്ച് വിദ്യാർഥിയിൽനിന്ന് അധ്യാപകർ വിവരങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകിയില്ലെന്നാണ് റിപ്പോർട്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K