13 June, 2026 09:38:46 AM
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു (54) അന്തരിച്ചു. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു ബി മുരാരി ബാബു. അർബുദരോഗബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്.
ദ്വാരപാലക ശിൽപകേസിലും കട്ടിളപാളി കേസിലും ഒന്നിച്ച് അറസ്റ്റിലായ മുരാരി ബാബു 90 ദിവസത്തോളം ജയിൽവാസം അനുഭവിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പിന്നീട് മുരാരി ബാബുവിന് സ്വഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
പൊലീസ് കോൺസ്റ്റബിൾ ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1997ലാണ് ദേവസ്വം ബോർഡ് ജീവനക്കാരനായി മുരാരി ബാബു ജോലിയിൽ പ്രവേശിക്കുന്നത്. ആദ്യം താൽക്കാലിക ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ച മുരാരി ബാബുവിന് പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിലെ ക്ലർക്കായി സ്ഥിര നിയമനം നൽകുകയായിരുന്നു. പിന്നീട് വൈക്കം, ഏറ്റുമാനൂർ, തിരുനക്കര എന്നീ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് 'സ്പെഷൽ ഓഫിസർ' തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്നു.1994ലായിരുന്നു മുരാരി ബാബുവിന് പൊലീസിൽ ജോലി ലഭിച്ചത്. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. എന്നാൽ മുരാരി ബാബു പരിശീലന കാലയളവ് പൂർത്തിയാക്കിയിരുന്നില്ല.
ശബരിമല സ്വർണക്കൊള്ള കേസിലെ രണ്ടാം പ്രതിയായിരുന്നു മുരാരി ബാബു. സ്വർണപ്പാളി ചെമ്പാണെന്ന രേഖ ആദ്യം തയാറാക്കിയത് മുരാരി ബാബുവായിരുന്നു. രേഖ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു നൽകിയ മൊഴി ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെയും ദേവസ്വം കമ്മിഷണറുടെയുമൊന്നും അനുമതിയില്ലാതെ താൻ എഴുതി നൽകിയെന്ന പേരിൽ ഒരു പ്രവൃത്തിയും നടക്കില്ലെന്നായിരുന്നു മുരാരി ബാബുവിൻ്റെ മൊഴി.
സ്വർണക്കൊള്ള കേസിൽ ആരോപണം ഉയർന്നതിന് പിന്നാലെ മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്തിരുന്നു. സ്വർണപ്പാളിയെ ചെമ്പുപാളി എന്നെഴുതിയതിനാണ് നടപടിയെന്നായിരുന്നു ദേവസ്വം ബോർഡിന്റെ സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരുന്നത്. തന്ത്രിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയതെന്നും ബോർഡിൻ്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നുമായിരുന്നു നടപടിക്ക് പിന്നാലെ മുരാരി ബാബുവിൻ്റെ പ്രതികരണം.




