26 March, 2026 09:11:20 AM
നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. തൃശൂർ തൃത്തല്ലൂർ സ്വദേശിയാണ്. സന്ധ്യ രാജേന്ദ്രൻ ആണ് ഭാര്യ. ഭൗതികദേഹം കൊല്ലത്തെ പൊതുദർശനത്തിന് ശേഷം ജന്മനാടായ തൃശൂരിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾ നാളെ തൃശൂർ തൃത്തല്ലൂരിലെ വീട്ടുവളപ്പിൽ നടക്കും.
പ്രശസ്ത നടനും എം.എൽ.എയുമായ മുകേഷിന്റെ സഹോദരീ ഭർത്താവാണ് ഇ.എ. രാജേന്ദ്രൻ. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിൽ ബിരുദം നേടിയ അദ്ദേഹം ഒട്ടനവധി സിനിമകളിലും നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാന രംഗത്തും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.




