13 February, 2026 10:18:42 AM


ആര്‍ജെഡി ദേശീയ സമിതി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ജെയ്‌സണ്‍ പാനികുളങ്ങര അന്തരിച്ചു



കൊച്ചി: ആര്‍ജെഡി ദേശീയ സമിതി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനും കാതികുടം സമര സമിതി നായകനുമായ ജെയ്സണ്‍ പാനികുളങ്ങര (66) അന്തരിച്ചു. കരള്‍ രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: പ്ലാക്കല്‍ കുടുംബാംഗം വത്സ. മക്കള്‍: ആര്യ ജയ്സണ്‍ (കാനഡ), അര്‍ജുന്‍ ജെയ്സണ്‍. മരുമക്കള്‍: ജോമോന്‍ ജോയ്ച്ചന്‍ (കാനഡ) നിയ ജോസഫ് (പ്രധാനമന്ത്രി ജന്‍ ഔഷധി ഫാര്‍മസി). സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3.30ന് പാറക്കടവ് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

കാടുകുറ്റി നിറ്റ ജലാറ്റിന്‍ ഫാക്ടറിയിലെ മലിനീകരണത്തിനെതിരെ വര്‍ഷങ്ങള്‍ നീണ്ട ജനകീയ പോരാട്ടത്തിന് ജെയ്സണ്‍ നേതൃത്വം നല്‍കിയിരുന്നു. കാതികുടം സമരസമിതി രക്ഷാധികാരിയായിരുന്ന ജെയ്സണ്‍ സംസ്ഥാനത്തുടനീളമുള്ള പരിസ്ഥിതി സംരക്ഷണത്തിനും, മലിനീകരണ സ്രോതസ്സുകള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനും നിരവധി പോരാട്ടങ്ങള്‍ നടത്തിയിരുന്നു. സര്‍വ്വകലാശാല തല വോളിബോള്‍ താരവും, അങ്കമാലി സ്പോട്സ് അസോസിയേഷന്‍ ( എഎസ്എ) സ്ഥാപക അംഗവുമായിരുന്നു.

അങ്കമാലിയില്‍ ഈ വര്‍ഷം എഎസ്എ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി ജനറല്‍ കണ്‍വീനറായിരുന്നു. എസ്എഫ്‌ഐ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. ആലുവ യുസി കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃ നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ജ്യേഷ്ഠ സഹോദരനായ അഡ്വ. വിന്‍സന്റ് പാനികുളങ്ങരയോടൊപ്പം കോണ്‍ഗ്രസ് നേതൃനിരയിലെത്തിയെങ്കിലും എം.പി വീരേന്ദ്രകുമാറുമായി ബന്ധപ്പെട്ട് പരിസ്ഥിതി, സാഹിത്യ മേഖലയിലെ സൗഹൃദത്തിനും, ജനതാദള്‍ ( യു ) ജില്ല പ്രസിഡന്റ് പദവിയിലെത്തുന്നതിനും കാരണമായി. ജനതാദള്‍ ( യു ) രാഷ്ട്രീയ ജനതാദളില്‍ ലയിച്ചതോടെയാണ് ജെയ്‌സണ്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ദേശീയ സമിതി അംഗവുമായത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923