21 August, 2026 04:39:26 PM
പ്രശസ്ത നടി സൗകാര്‍ ജാനകി അന്തരിച്ചു

ചെന്നൈ: തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമാ ലോകത്ത് ഏഴ് പതിറ്റാണ്ടിലേറെ സജീവമായിരുന്ന പ്രശസ്ത മുതിർന്ന നടി 'സൗകർ' ജാനകി(94) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 1.59ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
400-ലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള അവർ ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച അഭിനേത്രിമാരിൽ ഒരാളാണ്. 'സ്കൂൾമാസ്റ്റർ', 'സൂര്യമാനസം', 'പപ്പു' തുടങ്ങിയവയാണ് സൗകാർ ജാനകി അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങൾ. സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മയായുള്ള പ്രകടനം മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്തതാണ്.
1950-ൽ എൽ.വി. പ്രസാദ് സംവിധാനം ചെയ്ത 'ഷാവുകാരു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ജാനകി അഭിനയരംഗത്തേക്ക് അരങ്ങേറുന്നത്. ഈ ആദ്യ ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്നാണ് അവർ 'സൗകർ' ജാനകി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. പുതിയ പറവൈ, എതിർ നീച്ചൽ, ഇരു കോടുകൾ, ഉയർന്ന മനിതൻ, തില്ലു മുള്ളു തുടങ്ങിയ തമിഴ് ചിത്രങ്ങളിലെയും റോജുലു മാരായി, ഡോക്ടർ ചക്രവർത്തി, ബഡി പന്തലു തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലെയും പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
2020-ൽ പുറത്തിറങ്ങിയ 'ബിസ്‌കോത്ത്' എന്ന തമിഴ് ചിത്രത്തിലും 2023-ൽ പുറത്തിറങ്ങിയ 'അന്നി മഞ്ചി ശകുനമുലേ' എന്ന തെലുങ്ക് ചിത്രത്തിലുമാണ് അവർ അവസാനമായി വേഷമിട്ടത്. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2022-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.




