11 April, 2025 06:11:06 PM
യുവജനോത്സവ വിജയികള്‍ക്ക് ഇനി ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ്

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല യുവജനോത്സവത്തിലെ വിജയികള്‍ക്ക് ഇനി ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം നാടക മത്സരത്തില്‍ എ ഗ്രേഡ് നേടിയ സര്‍വകലാശാലാ ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വൈസ് ചാന്‍സലര്‍ ഡോ. സി ടി അരവിന്ദകുമാര്‍ നിര്‍വഹിച്ചു.
വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ ലഭിക്കുന്നതിനും ഗ്രേസ് മാര്‍ക്കിന് കാലതാമസമില്ലാതെ അപേക്ഷ സമര്‍പ്പിക്കുവാനും പുതിയ ക്രമീകരണം സഹായകമാകുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റുഡന്‍റ്സ് സര്‍വീസസ്(ഡിഎസ്എസ്) ആണ് സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ ഡിഎസ്എസ് ഡയറക്ടര്‍ ഏബ്രഹാം കെ. സാമുവല്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ബിജു തോമസ്, പി. ഹരികൃഷ്ണന്‍, സെനറ്റ് അംഗങ്ങളായ എം.എസ്. സുരേഷ്,ഡോ. എം.കെ. ബിജു, സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്സണ്‍ എം.എസ്. ഗൗതം, ഡിഎസ്എസ് സെക്ഷന്‍ ഓഫിസര്‍ ഡോ. ആന്‍റണി ജോസഫ്, ശ്രീഗണേഷ്ദേവ് എന്നിവര്‍ സംസാരിച്ചു.