27 July, 2025 11:19:46 AM
ഓണേഴ്സ് ബിരുദം; ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ ജൂലൈ 29ന് വൈകുന്നേരം നാലിനു മുന്‍പ് നിശ്ചിത സര്‍വകലാശാലാ ഫീസ് ഓണ്‍ലൈനില്‍ അടച്ച് അലോട്ട്മെന്‍റ് മെമ്മോ കോളജില്‍ നല്‍കി പ്രവേശനം ഉറപ്പാക്കണം.
ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ സ്ഥിര പ്രവേശനം എടുക്കണം. ഇവര്‍ക്ക് താത്കാലിക പ്രവേശനത്തിന് ക്രമീകരണമില്ല. താത്കാലിക പ്രവേശനം എടുക്കുന്നവര്‍ കോളേജുകളില്‍ നേരിട്ട് എത്തേണ്ടതില്ല. അലോട്ട്മെന്‍റ് മെമ്മോ ഇമെയില്‍ മുഖേന നല്‍കിയാല്‍ മതിയാകും.
നിശ്ചിത സമയപരിധിക്കുള്ളില്‍ സര്‍വകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം അലോട്ട്മെന്‍റ് ഉറപ്പാക്കത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാകും.
കോളേജുകള്‍ പ്രവേശനം ഉറപ്പാക്കിയതിന്‍റെ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ് ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. പ്രവേശനം സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ സമര്‍പ്പിക്കുന്നതിനും ഈ സ്ലിപ്പ് ആവശ്യമാണ്.
ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്കും കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റുകളില്‍ നിന്നുള്ള പ്രവേശനം ഓഗസ്റ്റ് രണ്ടിനകം പൂര്‍ത്തീകരിക്കണം.
താത്കാലിക പ്രവേശനമെടുക്കുന്നവര്‍ക്ക് ജൂലൈ 30ന് ഓപ്ഷനുകള്‍ പുനഃ:ക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും സൗകര്യമുണ്ടാകും.