29 June, 2025 06:09:41 PM
കായിക പ്രതിഭകള്‍ക്ക് എം.ജി സര്‍വകലാശാലയുടെ ആദരം 30ന്; മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും

കോട്ടയം: അഖിലേന്ത്യ അന്തര്‍ സര്‍വകലാശാലാ സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പുകളില്‍ 2023-24 വര്‍ഷത്തില്‍ മെഡല്‍ നേടിയ വിദ്യാര്‍ഥികളെയും ഈ കാലഘട്ടത്തില്‍ കായിക മേഖലയില്‍ മികവു പുലര്‍ത്തിയ കോളജുകളെയും മഹാത്മാ ഗാന്ധി സര്‍വകലാശാല ജൂണ്‍ 30ന് ആദരിക്കും.
രാവിലെ 10.30ന് സര്‍വകലാശാല അസംബ്ലി ഹാളില്‍ നടക്കുന്ന ചടങ്ങ് സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ രാജ്യാന്തര കായികതാരങ്ങളായ ഷൈനി വിത്സണും വിത്സന്‍ ചെറിയാനും വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ മുഖ്യ പ്രഭാഷണം നടത്തും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി. ഹരികൃഷ്ണന്‍, ഡോ. ബിജു തോമസ്, ഡോ. ജോജി അലക്സ്, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ് സ്പോര്‍ട്സ് സയന്‍സസ് ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, സര്‍വകലാശാലാ യൂണിയന്‍ ചെയര്‍ പേഴ്സണ്‍ എം.എസ് ഗൗതം, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജോസ് സേവ്യര്‍, കെ.കെ. സ്വാതി എന്നിവര്‍ സംസാരിക്കും.