11 July, 2025 07:24:17 AM
ഓണേഴ്‌സ് ബിരുദം; സപ്ലിമെന്ററി അലോട്ട്‌മെന്റിന് 15 മുതല്‍ അപേക്ഷിക്കാം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ 15 മുതല്‍ 17 വരെ ഓണ്‍ലൈനില്‍( cap.mgu.ac.in ) അപേക്ഷിക്കാം. ഇതുവരെ അപേക്ഷ നല്‍ക്കാത്തവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും നിശ്ചിത സമയ പരിധിയില്‍ പ്രവേശനം ഉറപ്പാക്കാന്‍ കഴിയാതിരുന്നവര്‍ക്കും പ്രവേശനം റദ്ദായിപ്പോയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
ഓണ്‍ലൈന്‍ അപേക്ഷയില്‍ പിഴവു വരുത്തിയതുമൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാതിരുന്നവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദായവര്‍ക്കും പ്രത്യേകമായി ഫീസ് അടയ്‌ക്കേണ്ടതില്ല. ഇവര്‍ക്ക് നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും പുതിയതായി ഓപ്ഷനുകള്‍ നല്‍കുകയും ചെയ്യാം.
സപ്ലിമെന്ററി അലോട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാവരും പുതിയതായി ഓപ്ഷനുകള്‍ നല്‍കണം. സ്ഥിര പ്രവേശനം എടുത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിക്കുകയും അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്താല്‍ പുതിയതായി ലഭിക്കുന്ന അലോട്ട്‌മെന്റില്‍ പ്രവേശനം എടുക്കേണ്ടിവരും. ഇവരുടെ മുന്‍ പ്രവേശനം റദ്ദാകും.
ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിക്കാം.