29 July, 2025 07:12:52 PM


കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യ പരിപാലനം; സമൂഹത്തിന്‍റെ പങ്ക് നിര്‍ണായകമെന്ന് ശില്‍പ്പശാല



കോട്ടയം: കേരളത്തിലെ കുടിയേറ്റ തൊഴിലാളികളില്‍ ആരോഗ്യ സുരക്ഷയെക്കുറിച്ച് കൂടുതല്‍ അവബോധം വളര്‍ത്തുന്നതില്‍ പൊതു സമൂഹത്തിന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് വിദഗ്ധര്‍. കേരളം കുടിയേറ്റ സൗഹൃദ സംസ്ഥാനമാണെങ്കിലും ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം തൊഴിലാളികള്‍ മനസിലാക്കുന്നതിന് ഉപകരിക്കുന്ന ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നാണ് ഈ മേഖലയില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് കോട്ടയം സി.എം.എസ് കോളജില്‍ നടന്ന ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

അനുസന്ധാന്‍ ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ആപ്ലിക്കേഷന്‍ മുഖേന എറണാകുളം ജില്ലയില്‍ 200 കുടിയേറ്റ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തോളം ആരോഗ്യ ശീലങ്ങളില്‍ പരിശീലനം നല്‍കിയിരുന്നു. തൊഴിലാളികളുടെ സമീപനത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ഇത് സഹായകമായതായി ഗവേഷകര്‍ പറഞ്ഞു. 

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രോജക്ടും  സി.എം.എസ് കോളേജിലെ  ഹിസ്റ്ററി, പൊളിറ്റിക്സ് ഡിപ്പാര്‍ട്മെന്‍റുകളും സംയുക്തമായി സംഘടിപ്പിച്ച ശില്‍പ്പശാല വൈസ് ചാന്‍സലര്‍ ഡോ.സി.ടി.  അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സി.എം.സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. അഞ്ജു ശോശന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
 
അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രോജക്ടിന്‍റെ ഭാഗമായുള്ള പഠനത്തിന്‍റെ വിശദാംശങ്ങള്‍  പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.എം.വി. ബിജുലാല്‍, കോ-ഇന്‍വെസ്റ്റിഗേറ്റര്‍ പ്രൊഫ. പി.പി. നൗഷാദ് എന്നിവര്‍ അവതരിപ്പിച്ചു. ഡോ. സുമി മേരി തോമസ്,  അശോക് അലക്സ് ലൂക്ക്, ജി. രാധിക, ഡോ. ഹിന്ദുജ രമേശ്, ആന്‍ഡ്രിയ കാണ്ടന്‍സ് ഹില്‍ഡാഡ്  എന്നിവര്‍ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K