04 April, 2025 07:19:06 PM


രാജ്യാന്തര വേദിയില്‍ തിളങ്ങി എം.ജി സര്‍വകലാശാല യു3എ



കോട്ടയം:  മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ദ തേഡ് ഏജിന്‍റെ രാജ്യാന്തര സമ്മേളന വേദിയില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ യൂണിറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസ. ഹോങ്കോംഗ് മെട്രോപ്പോളീറ്റന്‍ സര്‍വകലാശാലയില്‍ നടന്ന അസോസിയേഷന്‍ ഓഫ് ദ ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ദ തേഡ് ഏജിന്‍റെ(എഐയുടിഎ) ഏഷ്യ ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സാണ് സംഘടനയുടെ എം.ജി സര്‍വകലാശാല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം വേറിട്ട മാതൃകയാണെന്ന് വിലയിരുത്തിയത്.

പ്രവര്‍ത്തനമാരംഭിച്ച് കേവലം രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാന്നിധ്യമറിയിച്ചതും മുതിര്‍ന്ന പൗരന്‍മാര്‍ക്കായി രാജ്യാന്തര നിലവാരത്തില്‍ വൈവിധ്യമാര്‍ന്ന  കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയതും എംജിയു3എയുടെ വലിയ നേട്ടമാണെന്ന് ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പ്രഫ. ഫ്രാന്‍സോ വെല്ലാസ് വിലയിരുത്തി. എംജിയു3എയുടെ ന്യൂസ് ലെറ്ററിന്‍റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ഹോങ്കോംഗ് മെട്രോപ്പൊളീറ്റന്‍ യൂണിവേഴ്സിറ്റി പ്രസിഡന്‍റ് പ്രഫ. പോള്‍ ലാം ക്വാന്‍ സിംഗ്  മുഖ്യ പ്രഭാഷണം നടത്തി.

വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാറിന്‍റെ നേതൃത്വത്തില്‍ എംജി സര്‍വകലാശാല യു3എയെ പ്രതിനിധീകരിച്ച് 22 അംഗ സംഘമാണ് പരിപാടിയില്‍ പങ്കെടുത്തത്. സമ്മേളനത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ ഡോ. അരവിന്ദകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഗവേണിംഗ് ബോര്‍ഡ് യോഗത്തിലും മേഖലാതല റൗണ്ട് ടേബിള്‍ യോഗത്തിലും എംജിയു3എ ഡയറക്ടര്‍ ഡോ. ടോണി കെ. തോമസ് സംഘടനയുടെ സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. യു3എ അഡ്വൈസറി ബോര്‍ഡ് അംഗവും സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ. കെ.ആര്‍. ബൈജുവും സംഘത്തിലുണ്ടായിരുന്നു. 

ചടങ്ങില്‍  പങ്കെടുത്ത ഹോങ്കോംഗിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ സത്വന്ത് ഖനാലിയയും എംജിയു3എയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. 28 രാജ്യങ്ങളില്‍നിന്നുള്ള 120 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ എം.ജി സര്‍വകലാശാലാ സംഘം കലാപരിപാടികളും അവതരിപ്പിച്ചു.  കോണ്‍സുലര്‍ ജനറലിന്‍റെ ക്ഷണം സ്വീകരിച്ച് എംജിയു3എ സംഘം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സന്ദര്‍ശനം നടത്തി.

ഹോങ്കോംഗിലെ സമ്മേളന വേദിയില്‍ ലഭിച്ച അംഗീകാരം എംജിയു3എയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രോത്സാഹനമാകുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942