25 March, 2025 08:57:55 AM


പഠന, ഗവേഷണ മേഖലകളില്‍ സഹകരണത്തിന് എം.ജി സര്‍വകലാശാല-ഐ.ഐ.എം.ആര്‍ ധാരണ



കോട്ടയം: പഠന, ഗവേഷണ മേഖലകളില്‍ സഹകരിക്കുന്നതിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയും ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലെറ്റ് റിസര്‍ച്ചും(ഐഐഎംആര്‍) തമ്മില്‍ ധാരണയായി. എം.ജി സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണനും ഐഐഎംആര്‍ ഡയറക്ടര്‍ ഡോ. താര സത്യവതിയുമാണ് ധാരാണാപത്രത്തില്‍ ഒപ്പുവച്ചത്.

ഇതോടനുബന്ധിച്ചു നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ എം.ജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, ഐഐഎംആര്‍ ഡയറക്ടര്‍ ഡോ. ആര്‍. താര സത്യവതി, സ്റ്റുഡന്‍റ്സ്-എച്ച്.ആര്‍.എം കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. ആര്‍ സഞ്ജന, നോഡല്‍ ഓഫീസര്‍ ഡോ. ജെ. സ്റ്റാന്‍ലി, ഡോ. ബി. അമാസിദ്ധ, പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. കെ.എന്‍. ഗണപതി, എം.ജി സര്‍വകലാശാലാ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. കെ. ജയചന്ദ്രന്‍, സ്കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍റ് ടെക്നോളജി ഡയറക്ടര്‍ ഡോ. എം.എസ്. ജിഷ,  കോ-ഓര്‍ഡിനേറ്റര്‍ ഡോ. അനൂജ തോമസ്, ഡോ. ലിനു എം. സലിം, സജാദ് റഹ്മാന്‍, കെ.ജെ. ജിസ്മി എന്നിവര്‍ പങ്കെടുത്തു.

ഐഐഎംആറുമായുള്ള സഹകരണം ഫുഡ് സയന്‍സ് ആന്‍റ് ടെക്നോളജി വകുപ്പിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ സാധ്യതകള്‍ നല്‍കുന്നതാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. 

ഐഐഎംആറിലെ ലാബോറട്ടറി സംവിധാനം പ്രയോജനപ്പെടുത്തുന്നതിനും അവിടുത്തെ വിദഗ്ധരുമായി സംവദിക്കുന്നതിനും അവസരമുണ്ടാകും.   മില്ലറ്റ് ഫംഗ്ഷണല്‍ എന്‍ഹാന്‍സ്മെന്‍റ് എന്ന വിഷയത്തില്‍ നിലവില്‍  രണ്ടു സ്ഥാപനങ്ങളും സഹകരിച്ചുള്ള ഗവേഷണം നടക്കുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940