22 March, 2025 07:19:13 PM
മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് യുജിസിയുടെ കാറ്റഗറി 1 ഗ്രേഡ്
ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ സര്‍വകലാശാല

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍റെ(യു.ജി.സി) കാറ്റഗറി 1 ഗ്രേഡ്. യുജിസിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനും സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും ഉള്‍പ്പെടെ സ്വയംഭരണാവകാശം ഉറപ്പാക്കുന്ന ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ സര്‍വകലാശാലയാണ് എം.ജി.
നാഷണല്‍ അസസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ (നാക്) നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ നേടിയ എ ഡബിള്‍ പ്ലസ് ഗ്രേഡും 3.61 ഗ്രേഡ് പോയിന്‍റ് ശരാശരിയും ടൈംസ് ഹയര്‍ എജ്യുക്കേഷന്‍റെ ആഗോള റാങ്കില്‍ തുടര്‍ച്ചയായി നിലനിര്‍ത്തുന്ന മികവും കണക്കിലെടുത്താണ് കാറ്റഗറി 1 ഗ്രേഡില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയെ ഉള്‍പ്പെടുത്തിയത്.
സര്‍വകലാശാലയുടെ അപേക്ഷ പരിഗണിച്ച് ഈ മാസം 13നു ചേര്‍ന്ന യുജിസിയുടെ 588-ാമത്തെ യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുക്കുകയായിരുന്നു. രാജ്യത്ത് 21 സ്റ്റേറ്റ് സര്‍വകലാശാലകള്‍ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്.
യുജിസിയുടെ 2018 ലെ ചട്ടങ്ങളിലെ നാലാം അനുച്ഛേദ പ്രകാരം അനുവദിക്കപ്പെടുന്ന സ്വയംഭരണാവകാശം പ്രയോജനപ്പെടുത്തി വിപുലമായ വളര്‍ച്ച കൈവരിക്കുന്നതിനുള്ള സാധ്യതയാണ് സര്‍വകലാശാലയ്ക്കു മുന്നില്‍ തുറക്കുന്നത്.
സ്വന്തമായി നൂതന പാഠ്യപദ്ധതികളും പ്രോഗ്രാമുകളും വിഭാവനം ചെയ്ത് നടപ്പാക്കാനും ഓഫ് കാമ്പസുകള്‍, പഠന കേന്ദ്രങ്ങള്‍, പഠന വകുപ്പുകള്‍, കോണ്‍സ്റ്റിറ്റ്യുവന്‍റ് കോളജുകള്‍, സയന്‍സ് പാര്‍ക്കുകള്‍ തുടങ്ങിയവ ആരംഭിക്കാനും കഴിയും. യു.ജി.സിയുടെ അനുമതിയില്ലാതെ വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ നടത്താനാവുമെന്നതും കാറ്റഗറി 1 ഗ്രേഡിലുള്ള സ്വയംഭരണാവകാശത്തിന്‍റെ പ്രത്യേകതയാണ്.