18 February, 2025 09:10:57 PM
സമൂഹത്തിന് വേണ്ടത് നല്‍കാന്‍ സര്‍വകലാശാലകള്‍ക്ക് കഴിയണം- രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

കോട്ടയം: സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞുള്ള പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകലാശാലകള്‍ മുന്‍ഗണന നല്‍കണമെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാലാ ചാന്‍സലറായ സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൊതു സമൂഹത്തിന് ഗുണകരമാകുന്ന രീതിയിലായിരിക്കണം. ഇതനുസരിച്ച് പാഠ്യപദ്ധതി ചിട്ടപ്പെടുത്തുന്നതിനുള്ള അനന്ത സാധ്യതകള്‍ ദേശീയ വിദ്യാഭ്യാസ നയത്തിലുണ്ട്. അത് പ്രയോജനപ്പെടുത്താന്‍ കഴിയണം.
മക്കള്‍ പഠിച്ച് മികച്ച ജോലി നേടണം എന്നാണ് ഭൂരിഭാഗം മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍ തൊഴില്‍ അന്വേഷകരെ സൃഷ്ടിക്കുന്നതിനു പകരം വിദ്യാര്‍ഥികളെ തൊഴില്‍ ദാതാക്കളാക്കി വളര്‍ത്താന്‍ കഴിയുന്ന രീതിയിലുള്ള മാറ്റം ആവശ്യമാണ്.
ലോകമെങ്ങും അറിയുന്ന മഹാത്മാ ഗാന്ധിയുടെ പേരിലുള്ള ഈ സര്‍വകലാശാലയ്ക്ക് പല മേഖലകളിലും മാതൃകകള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. ഈ സാധ്യതകള്‍ പ്രയോജപ്പെടുത്തി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ പരിശ്രമിക്കണം-ഗവര്‍ണര്‍ നിര്‍ദേശിച്ചു.
വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ എന്നിവരും സന്നിഹിതരായിരുന്നു. രാവിലെ സര്‍വകലാശാലയിലെത്തിയ ഗവര്‍ണറെ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ എന്നിവരും സന്നിഹിതരായിരുന്നു. ഗാന്ധി പ്രതിമയില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ചന നടത്തി.
ഇന്‍ര്‍ യൂണിവേഴ്സിറ്റി ഇന്‍സ്ട്രുമെന്‍റേഷന്‍ സെന്‍റര്‍, ബിസിനസ് ഇന്നവേഷന്‍ ആന്‍റ് ഇന്‍കുബേഷന്‍ സെന്‍റര്‍, ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് ഓഫ് മ്യൂസിക്, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ്, എം.ജി.യു ഇന്നവേഷന്‍ ഫൗണ്ടേഷന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഗവര്‍ണര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കായിക മേഖലയിലെ സര്‍വകലാശാലയുടെ നേട്ടങ്ങള്‍, യുണിവേഴ്സിറ്റി ഓഫ് ദ തേഡ് ഏജിന്‍റെ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യന്‍ നോളജ് സിസ്റ്റം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും ഗവര്‍ണര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.