25 November, 2024 06:36:03 PM


എം.ജി സര്‍വകലാശാലയിലെ അകൃതി കേന്ദ്രം മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും-ഡോ. എസ്. അധികാരി



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഭാഭ ആണവ ഗവേഷണ കേന്ദ്രത്തിന്‍റെ (ബാര്‍ക്) അകൃതി കേന്ദ്രം തുറക്കുന്നത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ബാര്‍ക്കിന്‍റെ നോളജ് മാനേജ്മെന്‍റ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ഡി.എസ്. അധികാരി  പറഞ്ഞു. അകൃതി കേന്ദ്രത്തിന്‍റെ ധാരണാ പത്രം ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. അധികാരിയും സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളിലൊന്നായ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് വിവിധ ശാസ്ത്രശാഖകളിലും സാങ്കേതിക വിദ്യകളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന പഠന, ഗവേഷണ സംവിധാനങ്ങളുണ്ട്. ഇവിടുത്തെ ഇന്‍കുബേഷന്‍, ഇന്‍സ്ട്രുമെന്‍റേഷന്‍ സൗകര്യങ്ങള്‍ മുന്‍നിര ഐഐടികളോട് കിടപിടിക്കുന്നതാണ്. ഇതെല്ലാം അകൃതി കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായകമാകും. സാധാരണക്കാരായ നിരവധി  ആളുകള്‍ക്ക് ഇവിടെനിന്ന് സാങ്കേതിക വിദ്യകള്‍ സ്വീകരിച്ച് സംരംഭങ്ങളാക്കി മാറ്റാനും അതുവഴി വരുമാനം നേടാനും കഴിയും- ഡോ.അധികാരി ചൂണ്ടിക്കാട്ടി.

ഗ്രാമീണ മേഖലയുടെ പുരോഗതിക്ക് ഉപകരിക്കുന്ന രീതിയില്‍ പുത്തന്‍ ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് ബാര്‍ക്കിന്‍റെ സംസ്ഥാനത്തെ ആദ്യത്തെ അഡ്വാന്‍സ്ഡ് നോളജ് ആന്‍റ് റൂറല്‍ ടെക്നോളജി ഇംപ്ലിമെന്‍റേഷന്‍ സെന്‍റര്‍ (അകൃതി) മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ആരംഭിക്കുന്നത്. 
കൃഷി, മാലിന്യ സംസ്കരണം, ശുദ്ധജല വിതരണം, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട  12 സാങ്കേതിക വിദ്യകള്‍ അകൃതി കേന്ദ്രത്തിലൂടെ വളരെ ചെറിയ തുകയ്ക്ക് സാധാരണക്കാര്‍ക്ക് ലഭിക്കും. ഈ സാങ്കേതിക വിദ്യകള്‍ സംരംഭങ്ങളാക്കി മാറ്റാന്‍ കേന്ദ്രത്തിന്‍റെ പിന്തുണയും ലഭിക്കും. സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആന്‍റ് ഇന്‍കുബേഷന്‍ സെന്‍ററിനാണ് അകൃതി കേന്ദ്രത്തിന്‍റെ ചുതമല. 

ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, ഡോ. ജോജി അലക്സ്, ഡോ. എ.എസ്. സുമേഷ്, ബാര്‍ക്കിന്‍റെ ടെക്നോളജി ട്രാന്‍സ്ഫര്‍ ആന്‍റ് കൊളാബ്രേഷന്‍ യൂണിറ്റ്  മേധാവി ഡാനിയല്‍ ബാബു, ബിസിനസ് ഇന്നവേഷന്‍ ആന്‍റ് ഇന്‍കുബേഷന്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്‍, ബാര്‍ക്കിലെ ആകൃതി ഗ്രൂപ്പ് ലീഡര്‍ ഭാരതി എ.              ഭലേറാവു എന്നിവര്‍ പങ്കെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944