18 October, 2024 05:52:33 PM


എം.ജി സര്‍വകലാശാലയില്‍ കാരിക ഫോക് ലോര്‍ ഫെസ്റ്റ് 22 മുതല്‍



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സ്  വി.സി. ഹാരിസ് വൈജ്ഞാനിക സദസ്സിന്‍റെ ഭാഗമായി മുംബൈ കേളിയുമായി സഹകരിച്ചു നടത്തുന്ന ഫോക് ലോര്‍ ഫെസ്റ്റ് -കാരിക ഒക്ടോബര്‍ 22 മുതല്‍ 25 വരെ നടക്കും. രാജ്യാന്തര സെമിനാര്‍,  സ്മാരക പ്രഭാഷണം, കലാകാരന്‍മാരുമായുള്ള മുഖാമുഖം, എക്സിബിഷന്‍,  കലാവിരുന്ന്, സിനിമാ പ്രദര്‍ശനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. 

വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ 22ന് രാവിലെ 10.30ന് സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ. സജി മാത്യു അധ്യക്ഷത വഹിക്കും. സര്‍വകലാശാലയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ.കെ.എം. സീതി വി.സി ഹാരിസ് സ്മാരക പ്രഭാഷണം നടത്തും.

 ഡോ. ശ്രീകാര്‍വന്‍, ഗീത വില്‍സണ്‍, സജനീവ് ഇത്തിത്താനം, പ്രഫ.എസ്. കാര്‍മേഘം,  ഡോ. എന്‍.പി. ആഷ്ലി, ഡോ. നിഷ മാത്യു, സി.എസ്. വെങ്കിടേശ്വരന്‍, ഡോ. ഹരിപ്രസാദ് അത്താനിക്കല്‍, ഡോ. പി.പവിത്രന്‍, ഡോ.എം.ബി. മനോജ് തുടങ്ങിയവരും വിദേശത്തുനിന്നുള്‍പ്പെടെയുള്ള വിദഗ്ധരും വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും.  വിവിധ സര്‍വകലാശാലകളിലെ ഗവേഷകരും  വിദ്യാര്‍ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

23 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍  വൈകുന്നേരം ആറിന്  മീറ്റ് ദി ആര്‍ട്ടിസ്റ്റ് പരിപാടി നടക്കും. 23ന് ചവിട്ടുനാടക കലാകാരന്‍മാരായ കുട്ടപ്പനാശാന്‍, ബ്രിട്ടോ വില്‍സണ്‍, പോള്‍സണ്‍ ഗോതുരുത്ത് എന്നിവരും പ്രശസ്ത കാലിഗ്രഫി ആര്‍ട്ടിസ്റ്റ് ഭട്ടതിരി 24നും രാമചന്ദ്ര പുലവര്‍ 25നും പങ്കെടുക്കും.

എല്ലാ ദിവസവും രാത്രി ഏഴിന് കലാവിരുന്നുമുണ്ട്. 22ന് പ്രശസ്ത സംഗീതജ്ഞനായ ശ്രീവത്സന്‍ ജെ.മേനോന്‍റെ  പാട്ടവതരണവും 23ന് ചവിട്ടുനാടകവും 24ന് മട്ടന്നൂര്‍ ശ്രീരാജും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും 25ന് തോല്‍പ്പാവക്കൂത്തും  അരങ്ങേറും. ഡോ. അജു കെ. നാരായണന്‍ ഏകോപനം നിര്‍വഹിക്കുന്ന പരിപാടിയുടെ ക്യൂറേറ്റര്‍ കേളി രാമചന്ദ്രനാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944