04 October, 2024 05:50:50 PM


ഓണേഴ്സ് ബിരുദം; വ്യവസായ സംരംഭകത്വ സാധ്യതകളിലേക്ക് വഴിതുറന്ന് എം.ജി സര്‍വകലാശാല



കോട്ടയം: ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഭാഗമായി  വിദ്യാര്‍ഥികളില്‍ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മഹാത്മാ ഗാന്ധി സര്‍വകലാശാല തുടക്കം കുറിച്ചു. ഓണേഴ്സ് ബിരുദവും വ്യവസായ സംരംഭകത്വവും എന്ന വിഷയത്തില്‍  സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആന്‍റ് ഇന്‍കുബേഷന്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍  സംഘടിപ്പിച്ച അഞ്ചു ദിവസത്തെ ശില്‍പ്പശാലയില്‍ വിദ്യാര്‍ഥികളെ തൊഴില്‍ ദാതാക്കളാക്കി വളര്‍ത്തുന്നതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. 

സര്‍വകലാശാലയും ബിഐഐസിയും കോളജുകളും വ്യവസായ സ്ഥാപനങ്ങളും പങ്കാളികളാകുന്ന സംവിധാനമാണ് സംരംഭകത്വ ആശയങ്ങള്‍ വികസിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുക. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സര്‍വകലാശാലാ കോളജ് ഡവലപ്മെന്‍റ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ കോളജുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 അധ്യാപകര്‍ പങ്കെടുത്തു. ഈ അധ്യാപകര്‍ കോളജ് തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിക്കും.

മുന്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, കെ.എസ്.ഐ.ഡി.സി ഡയറക്ടര്‍ ഡോ. എസ്. ഹരികിഷോര്‍,  റബര്‍ പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് വി. ജെയിംസ്, അമേരിക്കയിലെ വിദ്യാഭ്യാസ വിദഗ്ധനായ പ്രഫ. സണ്ണി ലൂക്ക് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പരിപാടിയില്‍ സംസാരിച്ചു.  രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഇസ്രയേലി  ശാസ്ത്രജ്ഞ അഡാ ഇ. യോനാത്തിന്‍റെ പ്രതിനിധി ജെ.ഫ്രാങ്ക്ളിന്‍ ഓണ്‍ലൈനില്‍ പങ്കെടുത്തു.

ശില്‍പ്പശാലയില്‍ വിദഗ്ധര്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ക്കൂടി കണക്കിലെടുത്തായിരിക്കും തുടര്‍ പ്രവര്‍ത്തനങ്ങള്‍ . കോളജുകളും വ്യവസായ സംരംഭങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നത്  സംരംഭകത്വ ആശയങ്ങള്‍ വികസിപ്പിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് സഹായകമാകുമെന്ന് ബിഐഐസി ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്‍ പറഞ്ഞു. 

വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റ് അംഗം ഡോ. എ.എസ് സുമേഷ്, ഡോ. കെ. ജയചന്ദ്രന്‍, കോളേജ് ഡെവലപ്മെന്‍റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. പി.ആര്‍. ബിജു, ഡോ. ഇ.കെ രാധാകൃഷ്ണന്‍,  ഡോ. സി. ചന്ദന, അബിന്‍ ജോണ്‍ വര്‍ഗീസ്,എം. നിധീഷ്, ജുബിന്‍ താജ്  എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K