13 August, 2024 08:00:35 PM
വയനാട് ദുരന്തം; വിദ്യാര്‍ഥികള്‍ക്ക് എം.ജി സര്‍വകലാശാല സൗജന്യ പഠനസൗകര്യം ഏര്‍പ്പെടുത്തും
കോട്ടയം: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ തുടര്‍പഠത്തിന് മഹാത്മാ ഗാന്ധി സര്‍വകലാശാല സൗകര്യമൊരുക്കും. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ സിന്‍ഡിക്കേറ്റിന്‍റെ ആദ്യ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനെടുത്തത്.
ഈ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലയിലെ പഠന വകുപ്പുകളിലോ അഫിലിയേറ്റഡ് കോളജുകളിലോ പഠിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ദുരന്തത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായവരില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയിലോ അഫിലിയേറ്റഡ് കോളജുകളിലോ പഠിച്ചവരുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി നല്‍കുന്നതിന് നടപടി സ്വീകരിക്കും.
ദുരന്ത ബാധിത മേഖലയിലെ ജനങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍വകലാശാലയിലെ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും. ജനങ്ങള്‍ക്ക് ദുരന്തത്തിന്‍റെ ആഘാതത്തില്‍നിന്ന് മുക്തി നേടുന്നതിനു വേണ്ട പിന്തുണ ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളില്‍ അധ്യാപകരും ഗവേഷകരും വിദ്യാര്‍ഥികളും പങ്കാളികളാകും.
സര്‍വകലാശാലയില്‍ പുതിയ സ്പോര്‍ട്സ് ഡയറക്ടറേറ്റ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. അഫിലിയേറ്റഡ് കോളജുകളുടെ കായിക പ്രവര്‍ത്തനങ്ങളുടെ സര്‍വകലാശാലത്തിലുള്ള ഏകോപനം ലക്ഷ്യമിട്ടാണ് ഡയറക്ടറേറ്റ് തുടങ്ങുന്നത്.
സര്‍വകലാശാലാ തലം മുതലുള്ള കലോത്സവങ്ങളില്‍ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും എ ഗ്രേഡ് നേടുന്ന പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിന് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തു. പുതിയ സിന്‍ഡിക്കേറ്റ് സ്റ്റാന്‍റിംഗ് കമ്മിറ്റികളെയും യോഗം തിരഞ്ഞെടുത്തു.
അഡ്വ. റെജി സക്കറിയ(സ്റ്റാഫ്), അഡ്വ. പി.ബി. സതീഷ്കുമാര്‍(അഫിലിയേഷന്‍),
ഡോ.എ.എസ.് സുമേഷ്(അപ്രൂവല്‍), അരുണ്‍ കെ. ശശീന്ദ്രന്‍(ബിസിനസ്),
പി.ഹരികൃഷ്ണന്‍(ഫിനാന്‍സ്), ഡോ. ബാബു മൈക്കിള്‍(റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ്), പി.ബി. രതീഷ്(ലീഗല്‍ അഫയേഴ്സ്), അമല്‍ ഏബ്രഹാം(സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍ ആന്‍റ് ഗ്രിവന്‍സസ്), ഡോ. സെനോ ജോസ്(പ്ലാനിംഗ് ആന്‍റ് ഡവലപ്മെന്‍റ്), ഡോ. ടി.വി. സുജ(അക്കാദമിക് അഫയേഴ്സ്), ഡോ. ജോജി അലക്സ്(പരീക്ഷ), ഡോ. ബിജു തോമസ്(സ്റ്റുഡന്‍റ്സ് ഡിസിപ്ലിന്‍) എന്നിവരാണ് കമ്മിറ്റി കണ്‍വീനര്‍മാര്‍.