14 June, 2024 04:31:58 PM


പ്രായത്തിന്‍റെ ദൂരം മറന്ന് സഫയര്‍ ക്ലബുകളില്‍ മുതിര്‍ന്നവരും വിദ്യാര്‍ഥികളും ഒന്നാകും



കോട്ടയം:  മുതിര്‍ന്നവരുടെ അറിവും അനുഭവ പിരിചയവും വിദ്യാര്‍ഥികളുടെ ഊര്‍ജ്വസ്വലതയും ഒത്തുചേരുന്ന വേദിയായി മഹാത്മാ ഗാന്ധിസര്‍വകലാശാലയിലെ കോളജുകളില്‍ സഫയര്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ മേഖലാ ഡയറ്കറേറ്റ് വിഭാവനം ചെയ്ത സഫയര്‍(സ്റ്റുഡന്‍റസ് ആക്ഷന്‍   പ്രൊമോട്ടിംഗ് പോസിറ്റീവ്  ആന്‍റ് ഹെല്‍ത്തി ഇന്‍റര്‍ ജനറേഷനല്‍  റിലേഷന്‍ഷിപ്പ് വിത്ത് ദ എല്‍ഡേര്‍ലി) പദ്ധതി ഈ മാസം അവസാനം സര്‍വകലാശാലയ്ക്കു കീഴിലുള്ള 196 കോളജുകളില്‍ ആരംഭിക്കും. 

പരസ്പരം മനസിലാക്കിയും സഹായിച്ചും പ്രവര്‍ത്തിക്കുന്ന രണ്ടു തലമുറകളുടെ സേവനം സമൂഹത്തിന് ഗുണകരമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. മുതിര്‍ന്ന പൗരന്‍മാരുടെ ജീവിതത്തിന്‍റെ മൂന്നാം ഘട്ടം ആനന്ദകരമാക്കാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ദ തേഡ് ഏജിന്‍റെ സര്‍വകലാശാലാ യൂണിറ്റുമായി സഹകരിച്ചാണ് സഫയര്‍ ക്ലബ്ബുകള്‍ രൂപീകരിക്കുന്നത്. 

നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ ഓരോ യൂണിറ്റിലെയും പതിനഞ്ച് വോളണ്ടിയര്‍മാരും അതത് യൂണിറ്റിന്‍റെ ദത്തു ഗ്രാമത്തില്‍നിന്ന് തിരഞ്ഞെടുക്കുന്ന 15 മുതിര്‍ന്ന പൗരന്‍മാരും ഉള്‍പ്പെടെ 30 അംഗങ്ങളായിരിക്കും ഓരോ സഫയര്‍ ക്ലബ്ബിലും ഉണ്ടാവുക.  അടുത്ത് ഇടപഴകുന്നതും പരസ്പരം മനസിലാക്കുന്നതും രണ്ടു തലമുറകള്‍ക്കും  ഗുണകരമാകുമെന്ന് നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ പ്രോഗ്രോം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ. എന്‍. ശിവദാസന്‍ പറഞ്ഞു. 


സര്‍വകലാശാലയില്‍ നടന്ന ആലോചനാ യോഗത്തില്‍ എന്‍എസ്എസ് മേഖലാ ഡയറക്ടര്‍  പി. എന്‍. സന്തോഷ് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ നൂറു ദിന കര്‍മ്മപരിപാടിക്ക് യോഗം അംഗീകാരം നല്‍കി. ഡോ. ഇ. എന്‍. ശിവദാസന്‍, യു3എ ഡയറക്ടര്‍ ഡോ. ടോണി കെ. തോമസ്, പ്രഫ. കെ. സാബുകുട്ടന്‍, ഡോ. സി. തോമസ് എബ്രഹാം,  ജോര്‍ജ് കുളങ്ങര, ഡോ. നാരായണന്‍ നമ്പൂതിരി, പ്രഫ. പി. ജി. ഫിലിപ്പ്, ഡോ. ജോജി മാത്യു, പ്രഫ. ജോബി ജോസഫ്, സിസ്റ്റര്‍ എം.പി. ബിജി, ഫാ. എല്‍ദോസ് കെ. ജോയ്, ജി. രാജശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K