12 June, 2024 05:03:59 PM
എം.ജി സര്‍വകലാശാലയ്ക്ക് രാജ്യാന്തര കൂട്ടായ്മയായ യുആര്‍ട്ടിക് അംഗത്വം
കോട്ടയം: ധ്രുവ മേഖലകളില്‍ പഠന, ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും രാജ്യാന്തര കൂട്ടായ്മയായ യൂണിവേഴ്സിറ്റി ഓഫ് ദ ആര്‍ട്ടിക്കില്‍ (യുആര്‍ട്ടിക്) മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് അംഗത്വം. നോര്‍വെയിലെ ബോഡോയില്‍ നടന്ന വാര്‍ഷിക സമ്മേളനമാണ് സര്‍വകലാശാലയിലെ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ പോളാര്‍ സ്റ്റഡീസിന് (ഐസിപിഎസ്) അംഗത്വം നല്‍കാന്‍ തീരുമാനിച്ചത്.
ധ്രുവ മേഖല കേന്ദ്രീകരിച്ച് ഐസിപിഎസ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ രാജ്യാന്തര സഹകരണം വിപുലീകരിക്കാന്‍ ഈ യുആര്‍ട്ടിക് അംഗത്വം പ്രയോജനപ്പെടുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാര്‍ പറഞ്ഞു. ധ്രുവ മേഖലയില്‍നിന്ന് അഞ്ചും ധ്രുവമേഖലയ്ക്ക് പുറത്തുനിന്ന് 11ഉം അംഗങ്ങളെയാണ് യുആര്‍ട്ടിക്കില്‍ പുതിയതായി ഉള്‍പ്പെടുത്തിയത്.
യുകെയിലെ ലിവര്‍ പൂള്‍, സ്റ്റിര്‍ലിംഗ്, വെസ്റ്റ്മിന്‍സ്റ്റര്‍, ഹള്‍ സര്‍വകലാശാലകള്‍ക്കും റോയല്‍ കോളജ് ഓഫ് ആര്‍ട്ടിനുമൊപ്പം നോണ്‍ ആര്‍ട്ടിക് പട്ടികയിലാണ് ഐസിപിഎസ് ഇടം പിടിച്ചത്. ചെന്നൈയിലെ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റി ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്കു മാത്രമാണ് യുആര്‍ട്ടിക്കില്‍ ഇപ്പോള്‍ അംഗത്വമുള്ളത്.
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സസ്, സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ റിലേഷ്ന്‍സ് ആന്‍റ് പൊളിറ്റിക്സ്, ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ആന്‍റ് എക്സ്റ്റന്‍ഷന്‍ എന്നിവയുടെ സംയുക്ത കേന്ദ്രമായി 2022ലാണ് ഐസിപിഎസ് പ്രവര്‍ത്തനമാരംഭിച്ചത്.
ധ്രുവ മേഖലകളിലെ ശാസ്ത്ര, സാമൂഹ്യശാസ്ത്ര പഠനങ്ങളില്‍ ഈ കേന്ദ്രം സജീവമാണ്. ഐസിപിഎസ് ഡയറക്ടറായ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള ഇവിടുത്തെ വിദഗ്ധര്‍ ആര്‍ട്ടിക് പഠന പര്യവേക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു.