16 May, 2024 04:50:40 PM


ടൈംസ് യംഗ് യൂണിവേഴ്സിറ്റി റാങ്കിംഗ്; രാജ്യത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി എം.ജി സര്‍വകലാശാല



കോട്ടയം: ടൈംസ് ഹയര്‍ എജ്യുക്കേഷന്‍റെ യംഗ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല രാജ്യത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയതിനു പിന്നാലെയാണ് ഈ നേട്ടം. പ്രവര്‍ത്തനമാരംഭിച്ച് അന്‍പതു വര്‍ഷം വരെയായ സര്‍വകലാശാലകളെയാണ് റാങ്കിംഗിനായി പരിഗണിച്ചത്. 


ആഗോള തലത്തില്‍ 673 സര്‍വകലാശാലകളുടെ പട്ടികയില്‍ 81-ാം സ്ഥാനത്താണ് മഹാത്മാ ഗാന്ധി സര്‍വകലാശാല. 
അധ്യാപന, ഗവേഷണ മേഖലകളിലെ മികവ് ഉള്‍പ്പെടെ 13 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിര്‍ണയിച്ചത്. 
തമിഴ്നാട്ടിലെ അണ്ണാ സര്‍വകലാശാല, ഭാരതീയര്‍ സര്‍വകലാശാല, പട്നയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയാണ് രാജ്യത്ത് രണ്ടു മുതല്‍ നാലുവരെ സ്ഥാനങ്ങളില്‍. യഥാക്രമം 96, 113, 117 എന്നിങ്ങനെയാണ് ഈ സര്‍വകലാശാലകളുടെ ആഗോള റാങ്കിംഗ്. 


സിങ്കപ്പൂരിലെ നാന്‍യാംഗ് സര്‍വകലാശാലയാണ് ആഗോള റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഫ്രാന്‍സിലെ പി.എസ്.എല്‍ റിസര്‍ച്ച് യൂണിവേഴ്സിറ്റി രണ്ടാം റാങ്കും ഹോംങ്കോംഗ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി മൂന്നാം റാങ്കും നേടി.
വിപുലമായ അടിസ്ഥാന സൗകര്യ വികസനവും സര്‍വകലാശാലാ സമൂഹത്തിന്‍റെ അര്‍പ്പണ ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് വിവിധ റാങ്കിംഗുകളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സഹായകമാകുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K