15 May, 2024 08:32:07 AM


ഉന്നത വിദ്യാഭ്യാസം; കുട്ടികൾക്ക് വഴികാട്ടാൻ യു3എ



കോട്ടയം:സ്വന്തം നാട്ടിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് അറിവു പകരുന്ന പ്രവർത്തനങ്ങൾക്ക് മുതിർന്ന പൗരൻമാരുടെ കൂട്ടായ്മയായ യൂണിവേഴ്‌സിറ്റി ഓഫ് ദ തേഡ് ഏജ് (യു3എ) തുടക്കം കുറിച്ചു. മഹാത്മാ ഗാന്ധി സർവകലാശാല യു3എയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം ജില്ലാ യൂണിറ്റ് സംഘടിപ്പിച്ച അഞ്ചു ദിവസത്തെ കരിയർ ഗൈഡൻസ് പരിപാടി സർവകലാശാലയിൽ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. 

കോട്ടയത്തെ വിവിധ സ്‌കൂളുകളിൽ എട്ടു മുതൽ പ്ലസ് ടൂ വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന 60 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. നാട്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതുകൊണ്ടു കൂടിയാണ് പലപ്പോഴും വിദ്യാർഥികൾ മറ്റിടങ്ങളിൽ പഠനത്തിനു പോകുന്നതെന്നും ഈ ന്യൂനത പരിഹരിക്കാനുള്ള പരിശ്രമമാണ് സംഘടന നടത്തുന്നതെന്നും യു3എ ഭാരവാഹികൾ പറഞ്ഞു. 

പരിാടിയിൽ വിദ്യാർഥികളുടെ പ്രതിനിധികൾ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവച്ചു.

സർവകലാശാലയിലെ ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് ഡയറക്ടർ ഡോ. പി.ടി. ബാബുരാജ് അധ്യക്ഷത വഹിച്ചു.

 യു3എ പ്രതിനിധികളായ ജെയിംസ് ജോസഫ്,  ജി. ശോഭന, ഡോ. സാബു യോഹന്നാൻ, മാത്യു മാനവികം, പി. പ്രകാശൻ, ലീന ലൂക്കോസ്, പ്രഫ. ജിജി ഏബ്രഹാം, അഡ്വ. സുനിൽകുമാർ, ഡോ. ശ്രീകുമാര മേനോൻ, സി.കെ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.

 സർവകലാശാലയിലെ പഠന വകുപ്പുകളിൽ വിദ്യാർഥികൾ സന്ദർശനം നടത്തി. 

ഇന്നു മുതൽ കോട്ടയം ഹോളി ഫാമിലി സ്‌കൂളിൽ തുടരുന്ന ക്യാമ്പിൻറെ ഭാഗമായി ഗവൺമെൻറ് മെഡിക്കൽ കോളജ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗ്, മാസ്‌കോം തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സന്ദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K