02 March, 2024 05:20:49 PM
എം.ജി. സർവകലാശാലയിൽ റെഗുലർ കോഴ്‌സിന് തുല്യമായ ഓൺലൈൻ എം.ബി.എ
കോട്ടയം: ലോകത്തിന്‍റെ ഏതു ഭാഗത്തു താമസിക്കുന്നവർക്കും ഇനി മഹാത്മാ ഗാന്ധി സർവകലാശാലയിൽനിന്ന് റെഗുലർ കോഴ്‌സിന് തുല്യമായ ഓൺലൈൻ എം.ബി.എ ബിരുദം നേടാം. യു.ജി. സി അംഗീകരിച്ച സർവകലാശാലായുടെ ഓൺലൈൻ എം.ബി.എയുടെ പ്രഥമ ബാച്ചിൽ പ്രവേശനത്തിന് മാർച്ച് 30 വരെ അപേക്ഷ സ്വീകരിക്കും. തുടർ വിദ്യാഭ്യാസത്തിനും തൊഴിലിനും അടിസ്ഥാന യോഗ്യതയായി പരിഗണിക്കപ്പെടുന്ന പ്രോഗ്രാമിൻറെ ഒരു ഘട്ടത്തിലും വിദ്യാർഥികൾ സർവകലാശാലയിൽ എത്തേണ്ടതില്ല എന്നതാണ് പ്രധാന സവിശേഷത.
രണ്ടു വർഷത്തെ പ്രോഗ്രാമിൽ ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, ഫിനാൻസ്, മാർക്കറ്റിംഗ് എന്നീ ഐച്ഛിക (ഇലക്ടീവ്‌സ്) വിഷയങ്ങളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം. വിദ്യാർഥികളുടെ സൗകര്യവും താത്പര്യവുമനുസരിച്ച് പഠിക്കാൻ കഴിയുന്ന പ്രോഗ്രാമിന് പ്രായപരിധി ഇല്ല. ജോലിയോടൊപ്പം പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്കും അവസരമുണ്ട്.
അഡ്മിഷൻ മുതൽ ബിരുദദാനം വരെ സെൻറർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷന്റെ സ്‌ക്രീനിംഗ് സംവിധാനവും വിദഗ്ധ അധ്യാപകരുടെ മേൽനോട്ടത്തിൽ നിരന്തര വിലയിരുത്തലുമുണ്ട്. ഇൻറേണൽ, എക്സ്റ്റേണൽ പരീക്ഷകൾ ഉൾപ്പെടെ എല്ലാ നടപടികളും ഓൺലൈനിലാണ് പൂർത്തീകരിക്കുക. പഠന വിഷയങ്ങളിൽ വദ്യാർഥികളുടെ സംശയങ്ങൾ പരിഹരിക്കുന്നതിന് അധ്യാപകരുടെ ലൈവ് ഓൺലൈൻ സേവനവുമുണ്ട്.
മഹാത്മാ ഗാന്ധി സർവകലാശാലയിൽനിന്ന് അല്ലെങ്കിൽ സവർവകലാശാലാ അംഗീകരിക്കുന്ന മറ്റ് സർവകലാശാലകളിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ അൻപതു ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ പെട്ട വിദ്യാർഥികൾ ബിരുദ പരീക്ഷ വിജയിച്ചാൽ മതിയാകും. പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാവില്ല. നാലു സെമസ്റ്ററുകളായി നടത്തുന്ന എം.ബി.എ. പ്രോഗ്രാമിന് ഒരു സെമസ്റ്ററിന് ഇരുപത്തയ്യായിരം രൂപയാണ് ട്യൂഷൻ ഫീസ്. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് 20 ശതമാനം ഫീസ് ഇളവുണ്ട്.
നാഷണൽ അസസ്മെൻറ് ആൻറ് അക്രഡിറ്റേഷൻ കൗൺസിൽ(നാക്) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിംഗ് ഫ്രെയിം വർക്ക് (എൻ.ഐ.ആർ.എഫ്) റാങ്കിംഗുകളിൽ മികവ് നിലനിർത്തുന്ന സർവകലാശാലകൾക്കു മാത്രമാണ് ഓൺലൈൻ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ നടത്തുന്നതിന് യു.ജി.സി. അനുമതി നൽകുന്നത്. സംസ്ഥാനത്ത് റെഗുലർ പ്രോഗ്രാമിനു തുല്യമായ ഓൺലൈൻ പി.ജി പ്രോഗ്രാമുകൾക്ക് അനുമതി ലഭിച്ചിട്ടുള്ളത് എം.ജി. സർവകലാശാലയ്ക്കു മാത്രമാണ്.
സെൻറർ ഫോർ ഡിസ്റ്റൻസ് ആൻറ് ഓൺലൈൻ എജ്യുക്കേഷനിൽ നേരത്തെ ആരംഭിച്ച ദ്വിവർഷ ഓൺലൈൻ എം.കോം പ്രോഗ്രാമിൻറെ പുതിയ ബാച്ചിലേക്കും ഇപ്പോൾ അപേക്ഷ നൽകാം. മഹാത്മാ ഗാന്ധി സർവകലാശാല അംഗീകരിക്കുന്ന ബി.കോം, ബി.ബി.എ, ബിബിഎം യോഗ്യതയോ തത്തുല്യമായ മറ്റേതെങ്കിലും ബിരുദമോ 45 ശതമാനം മാർക്കോടെ നേടിയവരെയാണ് പരിഗണിക്കുന്നത്. പ്രവേശന പരീക്ഷ ഇല്ല. സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടില്ല.
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും പട്ടികജാതി, പട്ടികവർഗ, ഒഇസി, എസ്ഇബിസി വിഭാങ്ങളിൽ പെടുന്നവർക്കും സർവകലാശാലാ നിയമപ്രകാരമുള്ള ഇളവുകൾ ഉണ്ടായിരിക്കും. നാലു സെമസ്റ്ററുകളായി നടത്തുന്ന എം.കോം പ്രോഗ്രാമിന് ഒരോ സെമസ്റ്ററിനും ഇരുപതിനായിരം രൂപയാണ് ഫീസ്. സംവരണ വിഭാഗങ്ങളിൽ പെട്ടവർക്ക് 20 ശതമാനം ഫീസ് ഇളവ് ലഭിക്കും.
കോഴ്‌സുകളുടെ വിശദ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും സർവകശാലാ വെബ്‌സൈറ്റ് (www.mgu.ac.in) അല്ലെങ്കിൽ https://cdoeadmission.mgu.ac.in/ എന്ന ലിങ്ക് പരിശോധിക്കാം. ഫോൺ-0481-2733293, 8547992325. ഇമെയിൽ- mguonline@mgu.ac.in.