27 February, 2024 05:25:19 PM
എംജി സർവ്വകലാശാല കലോത്സവം; എറണാകുളം ജില്ലയിലെ കോളേജുകൾക്ക് മുന്നേറ്റം
കോട്ടയം: കോട്ടയത്ത് നടക്കുന്ന എം.ജി സർവ്വകലാശാശാല കലോത്സവത്തിൽ രണ്ടാം ദിനത്തിൽ എറണാകുളത്തെ കോളേജുകളുടെ മുന്നേറ്റം. ഒടുവിൽ ഫലം ലഭിക്കുമ്പോൾ തേവര എസ് എച്ച് കോളേജ് തേവരയാണ് 21 പോയിൻ്റുമായി നിലയിൽ ഒന്നാം സ്ഥാനത്ത്. തൊട്ട് പിന്നിൽ എറണാകുളം സെൻ്റ്. തെരസോസ് കോളേജും, തൃപ്പൂണിത്തറ ആർ.എൽ.വി സംഗീത കോളേജും 16 വീതം പോയിൻ്റുമായി രണ്ടാം സ്ഥാനത്തും, ആലുവ യു. സി കോളേജ് (15 പോയിൻ്റ്), കാലടി ശ്രീശങ്കര സംസ്കൃത കോളേജ് (10 പോയിൻ്റ്) എന്നിവർ മൂന്നും, നാലും സ്ഥാനത്തുമാണ്.
അതേസമയം കവിത പാരായണത്തിൽ 122 പേരും, മലയാളം ഉപന്യാസത്തിൽ 137 പേരും, മോണോ ആക്ടിൽ 79 പേരും മത്സരാത്ഥികളായി എത്തിയതോടെ രാവിലെ 9 മണിക്ക് തുടങ്ങേണ്ട കവിത പാരായണം ഉച്ചയ്ക്ക് 12:30 ക്കും, 10 മണിക്ക് ആരംഭിക്കേണ്ട മോണോആക്ട് ഒരു മണിക്കും, രാവിലെ 11 മണിക്ക് ആരംഭിക്കേണ്ട ഉപന്യാസം ഉച്ചക്ക് 1.15 ഓടെയുമാണ് തുടങ്ങുവാൻ കഴിഞ്ഞത്. ഇത് എല്ലാ മത്സരക്രമങ്ങളെയും ബാധിച്ചു.
രജിസ്ട്രേഷൻ കോട്ടയം ബസേലിയസ് കോളേജിൽ പൂർത്തീകരിച്ച ശേഷം വിവിധ വേദികളിലേക്ക് എത്തി റിപ്പോർട്ടിംങ് നടത്തി മത്സരത്തിൽ പങ്കെടുക്കും വിധമാണ് ക്രമീകരണം. ചില മത്സരങ്ങൾക്ക് വിവിധ വേദികളിൽ എത്തി ലോട്ട് എടുത്ത് ശേഷമാകും മത്സരക്രമം നിശ്ചയിക്കേണ്ടത്. ഇത് കൂടിയാകുമ്പോൾ ഏറെ കാലതാമസം നേരിടുന്നത് മത്സരാർത്ഥികളെയും, സംഘാടകരെയും വെട്ടിലാക്കുന്നുണ്ട്.