09 January, 2024 06:15:33 PM


പോളിമെർ ടെക്നോളജി രാജ്യാന്തര കോൺഫറൻസ് 12 മുതൽ



കോട്ടയം: പോളിമെർ ടെക്‌നോളജി അന്താരാഷ്ട്ര കോൺഫറൻസ് ജനുവരി 12 മുതൽ 14 വരെ മഹാത്മാ ഗാന്ധി സർവകലാശാലയിൽ നടക്കും. സർവകലാശാലയിലെ ഇൻറർനാഷണൽ ആൻറ് ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ നാനോ സയൻസ് ആൻറ് ടെക്നോളജി(ഐഐയുസിഎൻഎൻ) സംഘടിപ്പിക്കുന്ന പരിപാടി 12ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും.

സെൻറർ ഡയറക്ടർ ഡോ. സാബു തോമസ് അധ്യക്ഷത വഹിക്കും. സിൻഡിക്കേറ്റ് അംഗം ഡോ. നന്ദകുമാർ കളരിക്കൽ ആശംസയർപ്പിക്കും. മാക്രോ മോളിക്കുലാർ സയൻസിൻറ വളർച്ച നിലവിലെ വെല്ലുവിളികൾ, സാധ്യതകൾ തുടങ്ങിയവയെക്കുറിച്ച് രാജ്യാന്തര പ്രശസ്തരായ വിദഗ്ധർ പ്രഭാഷണം നടത്തും. 

ഊർജ്ജസംരക്ഷണം, ജലശുദ്ധീകരണം, ഇലക്ട്രോണിക്സ്, കൃഷി, ടെക്സ്റ്റൈൽ പാക്കിംഗ് തുടങ്ങിയ മേഖലകളിൽ പോളിമെറുകളുടെ ഉപയോഗം സംബന്ധിച്ച് സമ്മേളനം ചർച്ച ചെയ്യും.

യു.എസ്. ന്യൂസിൻറെ 2022-23ലെ റാങ്കിംഗിൽ പോളിമെർ സയൻസിൽ ഉന്നത പഠനത്തിനുള്ള രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയായി എം.ജി. സർവകലാശാല തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ഈ മേഖലയെക്കുറിച്ചുള്ള വിശദമായ  ചർച്ചകൾക്കാണ് സമ്മേളനം അവസരമൊരുക്കുന്നതെന്ന് പ്രഫ. സാബു തോമസ് പറഞ്ഞു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K