25 August, 2023 09:48:57 AM
ജാക്കി തെന്നിമാറി കാറിനടിയിൽപ്പെട്ട് വർക്ക് ഷോപ്പ് ജീവനക്കാരൻ മരിച്ചു
മൂന്നാർ: അടിമാലിയിൽ വർക്ക് ഷോപ്പ് ജീവനക്കാരന്‍റെ തലയിലേക്ക് കാർ വീണ് ദാരുണാന്ത്യം. ആനവിരട്ടി കമ്പിലൈൻ സ്വദേശി റോബിൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്. അറ്റകുറ്റപ്പണിക്കായി എത്തിച്ച കാർ ജാക്കി തെന്നിമാറിയാണ് സ്വകാര്യ വർക്ക് ഷോപ്പ് ജീവനക്കാരന്‍റെ തലയിലേക്ക് വീണത്.
വ്യാഴാഴ്ച വൈകിട്ട് അറ്റകുറ്റപ്പണിക്കായാണ് അടിമാലി സ്വദേശി കാർ വർക്ക് ഷോപ്പിൽ എത്തിച്ചത്. ഈ സമയം റോബിനായിരുന്നു അവിടെ ഉണ്ടായിരുന്നത്. ജാക്കി ഉപയോഗിച്ച് കാർ ഉയർത്തുന്നതിനിടെ ജാക്കി തെന്നി മാറുകയായിരുന്നു.
ഇതോടെ കാറിന്‍റെ അടിയിൽ ഇരിക്കുകയായിരുന്ന റോബിന്‍റെ മുഖത്തേക്ക് കാർ ഇടിച്ചിരുന്നു. മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
എന്നാൽ ആരോഗ്യനില ഗുരുതരമായതോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.