24 August, 2023 02:58:46 PM
തൊഴുത്തിൽ നിന്ന് അഴിഞ്ഞുപോയ പശു ദേഹത്തേക്ക് വീണ് വീട്ടമ്മ മരിച്ചു
ഇടുക്കി: തൊഴുത്തില്‍ നിന്ന് അഴിക്കുന്നതിനിടെ കുതറിയോടിയ പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പശു ദേഹത്തേക്ക് വീണ് വീട്ടമ്മ മരിച്ചു. കൊച്ചറ വയലാര്‍ നഗറില്‍ തെക്കേടത്ത് പുരുഷോത്തമന്‍റെ ഭാര്യ ഉഷ(50) മരിച്ചത്.
ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് അപകടം.
കറക്കുന്നതിനുവേണ്ടി തൊഴുത്തില്‍ നിന്ന് അഴിക്കുന്നതിനിടെയാണ് പശു കുതറിയോടിയത്. പുറകെ ഓടിയ ഉഷ തൊഴുത്തിനോട് ചേര്‍ന്ന ചെറിയ കുളത്തിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ഉഷയുടെ ദേഹത്തേക്ക് പശു വീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും ഭാര്യയെ കാണാത്തതിനെ തുടർന്ന് ഭർത്താവ് പുരുഷോത്തമൻ നടത്തിയ അന്വേഷണത്തിലാണ് പശുവിന്‍റെ അടിയിലായി കണ്ടെത്തിയത്. ഉടന്‍ നാട്ടുക്കാരെ വിളിച്ചുവരുത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ജെസിബി ഉപയോഗിച്ച് പശുവിനെ മാറ്റിയ ശേഷം വീട്ടമ്മയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി പൊലീസ് വാഹനത്തില്‍ കട്ടപ്പനയിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അനന്ദകൃഷ്ണന്‍, രാധികാകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.