17 August, 2023 01:07:38 PM
ഇടുക്കിയിലെ ഗൃഹനാഥന്‍റെ മരണം: കൊലപാതകം; വെടിയുതിർത്തത് വീടിന് പുറത്തു നിന്ന്
ഇടുക്കി: നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവടി പ്ലാക്കൽവീട്ടിൽ സണ്ണി തോമസ് (57) ആണ് കൊല്ലപ്പെട്ടത്. നാടൻ തോക്ക് ഉപയോഗിച്ച് വീടിന് പുറത്തു നിന്നും വെടിവെച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. കേസ് അന്വേഷിക്കാൻ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 50 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി.
ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. അടുത്ത മുറിയില്‍ കിടക്കുകയായിരുന്ന ഭാര്യ സിനി വെടിയൊച്ച കേട്ട് നോക്കിയപ്പോള്‍ കിടക്കയില്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു. വെടിയേറ്റാണ് സണ്ണി മരിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
മൃതദേഹത്തിൽ നിന്നും നെറ്റിയിൽ തറച്ച നിലയിൽ നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരയ്ക്ക് സമാനമായ ലോഹ ഭാഗം കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സണ്ണി കിടന്നുറങ്ങിയ കട്ടിലിന് അഭിമുഖമായുള്ള അടുക്കള വാതിലിൽ നിന്നും തറച്ചു കയറിയ നിലയിൽ അഞ്ച് തിരകൾ കണ്ടെത്തിയത്. ഇതോടെയാണ് പുറത്തു നിന്നുള്ളയാളാണ് വെടിയുതിർത്തതെന്ന നിഗമനത്തിൽ പോലീസെത്തിയത്.
അടുക്കളവാതിലിന് അഭിമുഖമായുള്ള ഏലത്തട്ടകളിലും വെടികൊണ്ട പാടുകളുണ്ട്. സംഭവസ്ഥലത്തു നിന്നും തോക്ക് കണ്ടെത്താനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ പോലീസിന്‍റെ നിരീക്ഷണത്തിലാണ്. പ്രതിക്കായ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡോഗ് സ്ക്വാഡ്, ബോമ്പ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. എറണാകുളത്തു നിന്നും ബാലിസ്റ്റിക്ക് സംഘവും പ്രത്യേക ഫോറൻസിക്ക് സംഘവും എത്തിയ ശേഷം വിശദമായ പരിശോധന നടത്തും. മേഖലയിലെ നായാട്ടുസംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.