17 August, 2023 12:26:13 PM
വീടിന് അനുമതി ലഭിച്ച കെട്ടിടം റിസോർട്ടാക്കി; ചട്ടം ലംഘിച്ച് മാത്യു കുഴൽനാടന്‍
ഇടുക്കി: മാത്യു കുഴൽനാടൻ എംഎൽഎ ഭൂപതിവ് ചട്ടം ലംഘിച്ചതിന് തെളിവ്. പാർപ്പിട ആവശ്യത്തിനായി അനുമതി നൽകിയ കെട്ടിടം റിസോർട്ടാക്കി മാറ്റിയതിന്‍റെ രേഖകളാണ് പുറത്തുവന്നത്. രണ്ട് കെട്ടിടങ്ങളാണ് റിസോർട്ടാക്കി മാറ്റിയത്. ചിന്നക്കനാൽ പഞ്ചായത്ത് മാത്യു കുഴൽനാടന് റിസോർട്ട് ലൈസൻസ് നൽകിയതിനും തെളിവുകൾ പുറത്തുവന്നു.
ചിന്നക്കനാൽ സൂര്യനെല്ലിയിൽ കുഴൽനാടനും മറ്റ് രണ്ട് പേരും ഉടമസ്ഥരായുള്ള മൂന്ന് ഭൂമികളാണുള്ളത്. 4000 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടി ഉള്ള രണ്ട് കെട്ടിടങ്ങളുമാണ് ഇവിടെയുള്ളത്. ഇതിൽ ആദ്യത്തെ കെട്ടിടം റിസോർട് ആവശ്യത്തിനായി നിർമിച്ചതെന്നാണ് പഞ്ചായത്ത് രേഖയിലുള്ളത്. 2012 മുതൽ ഇവിടെ റിസോർട്ട് പ്രവർത്തിക്കുന്നുണ്ട്.
മറ്റ് രണ്ട് ഇരുനില കെട്ടിടങ്ങളും പാർപ്പിട ആവശ്യങ്ങൾക്കായി നിർമിച്ചതെന്നാണ് രേഖകൾ. റവന്യൂ വകുപ്പ് എൻഒസി നൽകിയതും പാർപ്പിട അവശ്യ നിർമാണത്തിനാണ്. വീടിനായി നിർമിച്ച കെട്ടിടം റിസോർട്ടിന്‍റെ ഭാഗമാക്കിയതോടെ ഭൂപതിവ് ചട്ടങ്ങളുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നത്.
2014 മുതൽ ചിന്നകനാൽ ഉൾപ്പടെയുള്ള എട്ട് വില്ലേജുകളിൽ വീട് വെയ്ക്കുന്നതിന് മാത്രമാണ് നിർമ്മാണ അനുമതി നൽകുക. 2022 ഫെബ്രുവരി 7 നാണ് ഈ കെട്ടിടങ്ങളുടെ ഉടമസ്ഥത കുഴൽനാടൻ അടക്കമുള്ളവർക്ക് ലഭിക്കുന്നത്.