15 August, 2023 11:04:12 AM


വണ്ടന്‍മേട് ഏലത്തോട്ടത്തില്‍ അജ്ഞാത മൃതദ്ദേഹം; കൊലപാതകമെന്ന് നിഗമനം



നെടുങ്കണ്ടം : ഇടുക്കിയിൽ വണ്ടന്‍മേട് വാഴവീടിന് സമീപം സ്വകാര്യ ഏലത്തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് കണക്കാക്കുന്ന പുരുഷന്‍റെ മൃതദ്ദേഹമാണ് കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ  പ്രാഥമിക നിഗമനം. വാഴവീടിനു സമീപം 16 ഏക്കര്‍ ഭാഗത്ത് ശിവാജി എസ്റ്റേറ്റില്‍ ഏല തോട്ടത്തിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം രാവിലെ തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദ്ദേഹം കണ്ടത്. ജീര്‍ണിച്ചതിനാല്‍ ആളെ തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു. കഴിഞ്ഞ അഞ്ചാം തീയതിക്ക് ശേഷം എസ്റ്റേറ്റിലെ ജോലികള്‍ താല്‍കാലികമായി നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് വീണ്ടും ജോലി തുടരാന്‍ സ്ഥലമുടമ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തൊഴിലാളികൾ വീണ്ടുമെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. 

തോട്ടമുടമ വിവരമറിയിച്ചതിനെത്തുടർന്ന് വണ്ടന്‍മേട്, കുമളി പൊലീസ് ഡോഗ് സ്‌ക്വാഡ്, ഫൊറന്‍സിക് സംഘമുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.  മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ആളെ തിരിച്ചറിയാനായി വിശദമായ പരിശോധന നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K