14 August, 2023 01:13:30 PM
കൈക്കൂലി കേസ്; പഞ്ചായത്ത് സെക്രട്ടറിയെ കഠിന തടവിന് ശിക്ഷിച്ച് കോടതി
പാലക്കാട്: കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിൽ 2007 ല്‍ സെക്രട്ടറി ആയിരുന്ന അബ്ദുൾ ഹക്കീമിനെയാണ് മൂന്ന് വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ചത്. 1,00,000 രൂപ പിഴയും അടക്കണം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ അബ്ദുൾ ഹക്കീം 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷാ നടപടി. ജി പ്രകാശൻ എന്നയാളുടെ സായി മെഡിക്കൽ സെന്‍റർ എന്ന സ്ഥാപനത്തിന് ബിൽഡിങ് നമ്പർ ലഭിക്കുന്നതിനായി സമർപ്പിച്ച ഡീവിയേഷൻ പ്ലാൻ അംഗീകരിച്ച് നൽകാൻ പ്രതി 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരനോട് നേരത്തെ മേടിച്ച 6000 രൂപക്ക് പുറമെ ആയിരുന്നു വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതും കയ്യോടെ പിടിക്കപ്പെട്ടതും. തൃശൂർ വിജിലന്‍സ് ഡി.വൈ.എസ്.പി യായിരുന്ന സഫിയുള്ള സെയ്ദിന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് അബ്ദുൾ ഹക്കീമിനെ കൈയോടെ പിടികൂടിയത്. തുടർന്ന് ഡി വൈ എസ് പി ആയിരുന്ന കെ സതീശനാണ് അന്വേഷണം പൂർത്തികരിച്ച് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ പ്രതിയായ അബ്ദുൾ ഹക്കീമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ശ്രീ ജി അനിൽ, രണ്ട് വകുപ്പുകളിലായിട്ടാണ് 3 വര്‍ഷം വീതം കഠിന തടവിനും 1,00,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. കഠിനതടവ് ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ പറയുന്നു. പിഴസംഖ്യ അടക്കാത്തപക്ഷം 1 വർഷം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീ. സ്റ്റാലിന്‍ ഇ ആര്‍ ഹാജരായി.