11 August, 2023 11:19:38 AM


കെഎസ്ഇബി വാഴ വെട്ടിയ സംഭവം; നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പു നല്‍കി- മന്ത്രി പി പ്രസാദ്



ഇടുക്കി: കോതമംഗലത്തിന് സമീപം വാരപ്പെട്ടിയില്‍ കെഎസ്ഇബി വാഴകള്‍ വെട്ടിയ സ്ഥലം സന്ദര്‍ശിച്ച് കൃഷി മന്ത്രി പി പ്രസാദ്. ഇന്ന് രാവിലെയാണ് മന്ത്രി സ്ഥലത്തെത്തിയത്. കര്‍ഷകന്‍ തോമസിനെ കണ്ട മന്ത്രി നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പു നല്‍കി. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംഭവം നടന്ന ദിവസം കൃഷി വകുപ്പിന്‍റെ ഉദ്യോഗസ്ഥരോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നതായി മന്ത്രി പറഞ്ഞു. ഇതനുസരിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് തോമസിന് ധനസഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഇടപെടലില്‍ സന്തോഷമുണ്ടെന്ന് തോമസും പ്രതികരിച്ചു.

കെഎസ്ഇബി വാഴകള്‍ വെട്ടിയ സംഭവത്തിന് പിന്നാലെ കര്‍ഷകന്‍ തോമസിന് നഷ്ടപരിഹാനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മന്ത്രിമാരായ കെ കൃഷ്ണന്‍ കുട്ടിയും പി പ്രസാദും തമ്മില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം. ചിങ്ങം ഒന്നിന് തോമസിന് 3.5 ലക്ഷം രൂപ നല്‍കുമെന്നാണ് അറിയിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K