26 July, 2023 12:33:12 PM
ബജിയുടെ പണം ചോദിച്ചതിന് കട കൊക്കയിലേക്ക് എറിഞ്ഞു; പ്രതിഷേധിച്ചപ്പോൾ തിരിച്ചെടുത്തു
മൂന്നാർ: വാങ്ങിയ ബജിക്ക് പണം ചോദിച്ചതിന് കട തന്നെ കൊക്കയിലേക്ക് എറിഞ്ഞു. പിന്നീട് പ്രതിഷേധം ശക്തമായപ്പോൾ കട തിരിച്ചു പൊക്കിയെടുത്തു. ഇടുക്കി കുഞ്ചിത്തണ്ണി ടൗണിലെ തമിഴ്നാട് സ്വദേശി രാജയുടെ കടയാണ് മദ്യപസംഘം കൊക്കയിലേക്ക് വലിച്ചറിഞ്ഞത്. രാജയെ മർദ്ദിക്കുകയും ആഹാരസാധനങ്ങൾ വലിച്ചെറിയുകയും ചെയ്ത സംഘത്തിനെതിരെ കുഞ്ചിത്തണ്ണി ടൗണിലും മറ്റും പ്രതിഷേധം ഉയർന്നിരുന്നു.
ശനിയാഴ്ച വൈകീട്ട് ആറിനാണ് സംഭവം നടക്കുന്നത്. വാങ്ങിയ ബജിയുടെ പണം ചോദിച്ചതിന് സംഘം പ്രകോപിതരാവുകയായിരുന്നു. മാധ്യമങ്ങളിലൂടെ വാർത്ത പുറത്തറിഞ്ഞതോടെ കട പൊക്കിയെടുത്ത് നഷ്ടപരിഹാരം നൽകാമെന്ന് സംഘം അറിയിക്കുകയായിരുന്നു. 60,000 രൂപ നഷ്ടപരിഹാരം നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. മർദ്ദനത്തിൽ പരിക്കേറ്റ രാജ അടിമാലി ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി വ്യാപാരിയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
നിർധന കുടുംബത്തിന്‍റെ ജീവിതോപാധി തകർക്കുകയും ആക്രമിക്കുകയും ചെയ്തതിൽ വലിയ പൊതുജനപ്രതിഷേധം ഉയർന്നിരുന്നു. തുടർന്നും ഇത്തരത്തിലുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കുഞ്ചിത്തണ്ണി ടൗണിലെ വ്യാപാരികളുടെ ആവശ്യം.