24 July, 2023 01:48:41 PM
പണമിടപാട് തര്‍ക്കം: അടിമാലിയില്‍ യുവാവിന്‍റെ കൈപ്പത്തി വെട്ടിമാറ്റി; പ്രതി അറസ്റ്റില്‍
അടിമാലി: പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്‍റെ കൈപ്പത്തി വെട്ടിമാറ്റി. ഇടുക്കി അടിമാലി പൊളിഞ്ഞപാലം സ്വദേശിയും മരപ്പണിക്കാരനുമായ വിജയരാജിന്‍റെ കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് 6ന് പൊളിഞ്ഞപാലം ജംഗ്ഷനിലാണു സംഭവം. പണമിടപാടുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. ഇന്നലെ വിജയരാജും മകനും സഹോദരീപുത്രനും സഞ്ചരിച്ചിരുന്ന വാഹനം ബിനു തടഞ്ഞു നിര്‍ത്തി.
തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വാഹനത്തില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ബിനു വെട്ടുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയരാജന്‍റെ കൈപ്പത്തി തുന്നിച്ചേര്‍ത്തിട്ടുണ്ട്.
അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സാമ്പത്തിക ഇടപാടിനപ്പുറം മറ്റ് എന്തെങ്കിലും ഉണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.