23 July, 2023 08:28:52 PM
കനത്ത മഴ: പാലക്കാട് വീടിന് മുകളിലേക്ക് മരം വീണു; പിഞ്ചു കുഞ്ഞും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു
പാലക്കാട്: പാലക്കാട് മരം വീണ് വീട് തകർന്നുണ്ടായ അപകടത്തില്‍ ഒരാൾക്ക് പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന കൈക്കുഞ്ഞും അമ്മയും ഉൾപ്പടെയുള്ളവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. തൃത്താല ഹൈസ്ക്കൂൾ റോഡരികിൽ പുറമ്പോക്ക് ഭൂമിയിലെ സാലിയുടെ വീടിന് മുകളിലേക്കാണ് ഭീമൻ പുളിമരം കടപുഴകി വീണത്.
ഇന്ന രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം. മരം വീണ് വീടിന്‍റെ മേൽക്കൂരയും ഒരു മുറിയും പൂർണ്ണമായി തകർന്നു. തകർന്ന മുറിയിൽ തുണി മടക്കി വെക്കുകയായിരുന്ന സാലിക്ക് അപകടത്തിൽ തലക്കും കൈമുട്ടിനും പരിക്കേറ്റു. ഇവരെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധനക്ക് വിധേയമാക്കി. വീടിന്‍റെ ഭിത്തിയിലെ ഹോളോ ബ്രിക്സ് കട്ടകളും മേൽക്കൂരയിലെ തകർന്ന ആസ്ബറ്റോസ് ഷീറ്റുകളും തെറിച്ച് വീണാണ് സാലിക്ക് പരിക്കേറ്റത്.
അപകട സമയത്ത് സാലിയുടെ മകൾ അനുവും 59 ദിവസം പ്രായമായ കുഞ്ഞും തൊട്ടരികിലെ മുറിയിൽ ഉണ്ടായിരുന്നു. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ വീട്ടുപകരണങ്ങളും നശിച്ചു. വീടിന്റെ ഭിത്തിയിൽ പല ഭാഗത്തും വിള്ളലുകളും സംഭവിച്ചിട്ടുണ്ട്. പ്രളയകാലത്ത് ഇവരുടെ വീടിന്‍റെ ഒരു ഭാഗം വെള്ളം കയറി തകർന്നിരുന്നു. തുടർന്ന് പുതുക്കി നിർമ്മിച്ച ഭാഗമാണ് ഈ വർഷത്തെ മഴയിൽ മരം കടപുഴകി വീണ് തകർന്നത്.
സാലി, ഭർത്താവ് സിബി, മകൾ അനു, 56 ദിവസം പ്രായമായ കുഞ്ഞ് എന്നിവരാണ് അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. കടപുഴകിയ മരം വൈദ്യുതക്കമ്പിയിലും മറ്റും തട്ടി പൂർണ്ണമായി നിലം പതിക്കാത്തതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. ക്രെയിന്‍ എത്തി ഉയർത്തി മാറ്റിയ ശേഷമാണ് മരം മുറിച്ച് നീക്കാനായത്. അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി തടസവും നേരിട്ടു.