21 July, 2023 01:29:28 PM


ചെങ്ങന്നൂർ - പമ്പ റെയിൽ പാതയ്ക്കായുള്ള ലിഡാർ സർവേ അടുത്താഴ്ച



ചെങ്ങന്നൂർ: ചെങ്ങന്നൂർ - പമ്പ റെയിൽ പാതയ്ക്കായുള്ള ലിഡാർ സർവേ അടുത്താഴ്ച തുടങ്ങിയേക്കും. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കിയുള്ള ആകാശപാതയാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. അതേസമയം, ഇരുനൂറ് കോടിയിലധികം രൂപ ഇതിനോടകം ചെലവിട്ട ശബരി റെയിൽ പദ്ധതി പുതിയ പാത വരുമ്പോൾ ഉപേക്ഷിക്കരുതെന്ന ആവശ്യവും ശക്തമാണ്.

ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെയാണ് ചെങ്ങന്നൂർ - പമ്പ പാതയുടെ പ്രാരംഭ അടയാളപ്പെടുത്തൽ നടത്തിയത്. മഴ മാറി കാലാവസ്ഥ അനുകൂലമായാൽ, ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് സർവേ അഥവാ ലിഡാർ സർവേ നടത്തും. 76 കിലോമീറ്റർ ദൂരം വരുന്ന റെയിൽപാതയുടെ 60 ശതമാനവും ആകാശപാതയാണ്. ടണൽ വഴി കടന്നുപോകുന്ന ഭാഗവുമുണ്ടാകും. മെട്രോ റെയിൽ മാതൃകയിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
 
ചെങ്ങന്നൂരിൽ തുടങ്ങി ആറന്മുള , കോഴഞ്ചേരി, കീക്കൊഴൂർ, വടശ്ശേരിക്കര, നിലയ്ക്കൽ, അട്ടത്തോടും കടന്ന് പമ്പയിലെത്തും.160 കിലോമീറ്റർ വേഗതിയിൽ അരമണിക്കൂർ കൊണ്ട് യാത്ര.

അതേസമയം, ചെങ്ങന്നൂർ - പമ്പ പാതയ്ക്കുള്ള നടപടി വേഗത്തിലാകുമ്പോൾ ശബരി പദ്ധതി ഉപേക്ഷിക്കരുതെന്ന് ആവശ്യവും ശക്തമാണ്. ശബരിമല തീർത്ഥാടത്തിന് ഏറെ ഗുണകരമെന്ന രീതിയിലാണ് 9000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ചെങ്ങന്നൂർ - പമ്പ പാതയ്ക്ക് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K