28 October, 2023 04:29:24 PM
ആലപ്പുഴയിൽ മരം വീണ് സ്വകാര്യ ബോട്ട് പൂർണമായി തകർന്നു; ഒഴിവായത് വന്‍ദുരന്തം
ആലപ്പുഴ: ബോട്ടുജെട്ടിക്കു സമീപം വാടക്കനാലിൽ മരം വീണ് സ്വകാര്യ ബോട്ട് പൂർണമായി തകർന്നു. ജലഗതാഗത വകുപ്പിന്‍റെ യാത്രാബോട്ട് കടന്നു പോയതിന് ശേഷമാണ് മരം വീണതെന്നതിനാൽ വൻ ദുരന്തം ഒഴിവായി.
കനാലിനു കുറുകെ മരം വീണതിനാൽ ഒന്നര മണിക്കൂറോളം ജലഗതാഗതം തടസപ്പെട്ടു. അഗ്നിശമന സേനയെത്തി മരം മുറിച്ചുനീക്കി. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ഡി റ്റി പി സി ഓഫീസിനടുത്ത് പാർക്ക് ചെയ്തിരുന്ന ബോട്ടിനുമുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണത്.
ബോട്ടിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. ആലപ്പുഴ പോഞ്ഞിക്കര സ്വദേശി അനിരുദ്ധന്‍റെ ഉടമസ്ഥതയിലുള്ളതാണ് തകർന്ന ബാലമുരുകൻ എന്ന പേരിലുള്ള ബോട്ട്. രണ്ടാഴ്ച മുൻപാണ് 16 ലക്ഷം രൂപ മുടക്കി ബോട്ട് വാങ്ങിയത്.
ബോട്ടിനു പുറത്തേക്കു വീണ മരം കനാലിനു കുറുകെ കിടന്നതിനാൽ ആലപ്പുഴ ബോട്ട്ജെട്ടിയിൽ നിന്നുള്ള യാത്രാബോട്ടുകളുടെയടക്കം ഗതാഗതം തടസപ്പെട്ടു. മോട്ടോർ ബോട്ടുകളും ശിക്കാര വള്ളങ്ങളും പാർക്ക് ചെയ്യുന്നതിനു സമീപം കനാൽക്കരയിൽ വീഴാവുന്ന നിലയിൽ അപകടകരമായി നിൽക്കുന്ന നിരവധി കൂറ്റൻ മരങ്ങളുണ്ട്. മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് ആലപ്പുഴ അഗ്നിരക്ഷാസേന മരം മുറിച്ചുനീക്കിയത്.