28 October, 2023 03:57:46 PM
'വെന്‍റിലേറ്ററി'ൽ കുടുങ്ങി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി
ആലപ്പുഴ: മതിയായ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെയും അഭാവത്തില്‍ വലയുകയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ്. പല വകുപ്പുകളിലും അസിസ്റ്റന്‍റ് പ്രൊഫസര്‍മാരുടെ പകുതിയിലേറെ ഒഴിവുകളും നികത്താതെ കിടക്കുന്നത് ഡോക്ടര്‍മാരില്‍ അടിച്ചേല്‍പ്പിക്കുന്നത് വന്‍ ജോലി സമ്മര്‍ദ്ദമാണ്. എമര്‍ജന്‍സി മെഡിസിൻ ഇല്ലാത്ത ഏക മെഡിക്കല്‍ കോളേജാണ് ആലപ്പുഴ.
മറ്റ് ജില്ലകളെ പൊലെയല്ല ആലപ്പുഴ. ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം ജലമലിനീകരണം മൂലമുള്ള രോഗങ്ങള്‍ സാധാരണമാണ്. ജന്തുജന്യരോഗങ്ങളുടെ അവസ്ഥയും ഇത് തന്നെയാണ്. 2007ല്‍ ചിക്കന്‍ ഗുനിയ ആദ്യമെത്തിയത് ചേര്‍ത്തലയിലാണ്. പക്ഷിപ്പനി , ജപ്പാന്‍ ജ്വരം എന്നിവ വേറെയും. ശരാശരി 2500 പേരെങ്കിലും ഒരു ദിവസം ഒപിയില് എത്തുന്നുണ്ടെന്നാണ് കണക്ക്. ഇതൊക്കെയാണെങ്കിലും പക്ഷെ , അനുവദിച്ച തസ്തികകളില്‍പോലും ഡോക്ടര്‍മാരോ പാരാമെഡിക്കല്‍ സ്റ്റാഫോ ഇല്ല എന്നതാണ് വസ്തുത.
ത്വക്ക് രോഗ വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍മാരുടെ എട്ട് തസ്തികകളില്‍ ഏഴിലും ആളില്ല. ജനറല്‍ സര്‍ജറിയില്‍ ഒമ്ബത് പേരുടെയും അനസ്തേഷ്യയില്‍ ആറ് അസിസ്റ്റന്‍റ് പ്രൊഫസര്‍മാരുടെയും ഒഴിവുകള്‍ നികത്തിയിട്ടില്ല. യൂറോളജിയിലും ന്യൂറോ സര്‍ജറിയിലും ഉള്ളത് രണ്ട് ഒഴിവുകള്‍. ഇത് ഡോക്ടര്‍മാരില്‍ വരുത്തി വെക്കുന്നത് വന്‍ജോലി ഭാരവും സമ്മര്‍ദ്ദവുമാണ്.
ചികിത്സ മാത്രമല്ല, കുട്ടികളെ പഠിപ്പിക്കേണ്ട ജോലിയുമുണ്ട്. ഗവേഷണ മേല്‍നോട്ടം, വിഐപി ജോലി ഉള്‍പ്പെടെ മറ്റ് ഉത്തരവാദിത്തങ്ങള്‍ വേറെയുമുണ്ട്. മറ്റുള്ളവരുടെ ജോലി ഭാരം കൂടി ചുമക്കേണ്ട അവസ്ഥയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലുള്ളത്. കാലാകാലങ്ങളില്‍ ഒഴിവുകള്‍ നികത്താത്തതാണ് പ്രധാന കാരണം. ചിലപ്പോള്‍ നിയമനം നടന്നാലും ജോലിയില്‍ പ്രവേശിക്കാറില്ല, മറ്റ് വന്‍കിട നഗരങ്ങളെ അപേക്ഷിച്ച് ആലപ്പുഴ പോലെ താരതമ്യേന പിന്നാക്ക ജില്ലയില്‍ ജോലി ചെയ്യാനുള്ള വിമുഖതയാണ് കാരണമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ പറയുന്നു.