10 November, 2023 12:11:23 PM
പാലമേൽ മറ്റപ്പള്ളിയിൽ മണ്ണെടുപ്പ്: പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ
ആലപ്പുഴ: നൂറനാട് പാലമേൽ മണ്ണെടുപ്പിനെതിരായ പ്രതിഷേധത്തിനിടെ സംഘർഷം. പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധത്തിന് പിന്തുണയായി എംഎസ് അരുൺ കുമാർ എംഎൽഎയും രംഗത്തെത്തി. പുലർച്ചെ പ്രതിഷേധത്തെ തുടർന്ന് 17 പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീകളുൾപ്പെടെ നിരവധി പേരാണ് പ്രതിഷേധമായി രംഗത്തെത്തിയിരിക്കുന്നത്. മലയിടിച്ച് മണ്ണെടുക്കുന്നതിനെതിരെ നാട്ടുകാരൊന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്.
കുന്നുകളിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പാലമേൽ പഞ്ചായത്തിന്‍റെയും മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ മാസങ്ങളായി സംഘർഷം നടക്കുന്നുണ്ടായിരുന്നു. ഗ്രാമപഞ്ചായത്തടക്കം ഹൈക്കോടതിയെ സമീപിച്ചെങ്കിലും മണ്ണെടുക്കുന്നതിന് അനുകൂലമായ ഉത്തരവാണ് വന്നത്. തുടർന്ന് ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സിംഗിൾ ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാതെ വിധി പറയുന്നത് ഡിസംബർ 22 ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഇതാണ് മണ്ണെടുപ്പ് ലോബിക്കു സഹായമായത്.