12 July, 2023 04:33:56 PM
പോക്സോ കേസ് പ്രതിയുടെ ആക്രമണം; പൊലീസുകാരന്‍റെ പല്ലൊടിഞ്ഞു
തൊടുപുഴ: പോക്സോ കേസ് പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന്‍റെ പല്ലൊടിഞ്ഞു. ഇടുക്കി തൊടുപുഴയിലാണ് പൊലീസുകാരനുനേരെ പ്രതിയുടെ അതിക്രമം ഉണ്ടായത്. പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അഭിജിത്താണ് പോലീസിനെ ആക്രമിച്ചത്.
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി മടങ്ങുമ്പോൾ ഭക്ഷണം കഴിക്കുന്നതിനായി കൈവിലങ്ങ് അഴിച്ചിരുന്നു. ഈ സമയത്താണ് പ്രതിയായ അഭിജിത്ത് പൊലീസിനെ ആക്രമിച്ചത്. മുഖത്ത് തൊഴിയേറ്റ പോലീസുകാരന്‍റെ പല്ലൊടിയുകയായിരുന്നു.
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അഭിജിത്തിനെ ബലപ്രയോഗത്തിലൂടെ പൊലീസുകാർ പിടികൂടി. പോലീസിനെ ആക്രമിച്ചതിനടക്കമുള്ള വകുപ്പുകളും അഭിജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
പെൺകുട്ടിയുടെ മൊഴി അനുസരിച്ച് അഭിജിത്തിനെയും സുഹൃത്തായ സനീഷിനെയും ഇന്നലെ വൈകിട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ തൊടുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.