12 July, 2023 12:27:25 PM


മണ്ണാർക്കാട് കോഴി ഫാമിൽ കാട്ടുപൂച്ചയുടെ ആക്രമണം; മുന്നൂറോളം കോഴികളെ കടിച്ചു കൊന്നു



പാലക്കാട്: മണ്ണാർക്കാട് തെങ്കര ചെറുംകുളത്ത് കോഴിഫാമിൽ കാട്ടുപൂച്ചയുടെ ആക്രമണം. ഫാമിലെ മുന്നൂറോളം കോഴികളെയാണ് കാട്ടുപൂച്ചകൾ കൊന്നത്. പ്രദേശത്ത് കാട്ടുപൂച്ചകളുടെ സാന്നിധ്യം ക്രമാതീതമായി കൂടുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

ചേറുംകുളം അപ്പക്കാട് ഇടശ്ശേരിൽ റെജി സ്കറിയയുടെ ഫാമിലെ കോഴികളെയാണ് കാട്ടുപൂച്ചകൾ ആക്രമിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചയാണ് സംഭവം. വീടിന് സമീപത്ത് നിന്ന് നൂറ് മീറ്റർ മാറിയാണ് കോഴി ഫാം ഉള്ളത്. സാധാരണ പോലെ രാവിലെ തീറ്റ നൽകാനായി റെജിയുടെ ഭാര്യ ഷൈല ഫാമിലേക്ക് എത്തിയപ്പോഴാണ് കോഴികളെ ചത്ത നിലയിൽ കണ്ടത്. ഫാമിന് പുറത്ത് കാട്ടുപൂച്ച നിലയുറപ്പിച്ചതായും കണ്ടു. തന്നെ കണ്ടതോടെയാണ് പൂച്ച ഓടി മറഞ്ഞെന്ന് ഷൈല പറഞ്ഞു.

മുന്നൂറിലേറെ കോഴികളെയാണ് പൂച്ച കടിച്ചു കൊന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. രണ്ടു ഫാമുകളിലായി 3000ത്തോളം കോഴികളാണുള്ളത്. സംഭവം അറിയിച്ചതിനെത്തുടർന്ന് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K